നിരോധനം കടലാസിൽ മാത്രം; പുകയില കേസുകളിൽ കർണാടകം മുന്നിൽ കേരളത്തിന് രണ്ടാം സ്ഥാനം
Wednesday, May 10, 2017 8:08 AM IST
ബംഗളൂരു: കർണാടക സർക്കാരിന്‍റെ പുകയില നിരോധനം കടലാസിൽ മാത്രമൊതുങ്ങുന്നു. രാജ്യത്ത് പുകയില കേസുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് കർണാടക. 2016-2017 കാലത്ത് മാത്രം പൊതുസ്ഥലത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് 1,46,832 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിഴയിനത്തിൽ 1,60,51,276 രൂപ സർക്കാരിനു ലഭിക്കുകയും ചെയ്തു. രണ്ട ാം സ്ഥാനത്ത് കേരളമാണ്. 2016-2017 കാലയളവിൽ കേരളത്തിൽ 1,34,906 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേരളത്തിലും പാൻമസാല, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ കർണാടകയിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തുന്നുണ്ട ്.

രാജ്യത്ത് ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ കർണാടക, കേരളത്തിന്‍റെ ചുവടുപിടിച്ചാണ് പുകയില ഉത്പന്നങ്ങൾ നിരോധിച്ചത്. പൊതുസ്ഥലത്ത് പുകവലിക്കുന്നവർക്കെതിരേയുള്ള നടപടികൾ കർശനമാക്കുകയും ചെയ്തു. അതേസമയം, പുകയില, അടയ്ക്കാ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ മുതിർന്നില്ല. ഇതാണ് പുകയിലയുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കാൻ കാരണം.