തടാകനവീകരണം: 488 വ്യവസായശാലകൾക്കു പൂട്ടുവീഴും
Thursday, May 11, 2017 7:59 AM IST
ബംഗളൂരു: മലിനീകരണം രൂക്ഷമായ ബെല്ലന്ദുർ തടാകത്തിന്‍റെ നവീകരണം സംബന്ധിച്ച് ദേശീയ ഹരിതട്രൈബ്യൂണൽ ഉത്തരവിട്ടതിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. തടാകത്തിനു സമീപത്തെ എല്ലാ വ്യവസായശാലകളും അടച്ചുപൂട്ടാനാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ തീരുമാനം. ഇതു പ്രകാരം ചെറുതും വലുതുമായി 488 വ്യവസായശാലകളും ഡൈയിംഗ് യൂണിറ്റുകളും അടച്ചുപൂട്ടേണ്ട ിവരും.

ഹരിതട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് എല്ലാ വ്യവസായശാലകളിലും തടാകത്തിനു സമീപത്തെ 116 അപ്പാർട്ട്മെന്‍റുകളിലും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനാലാണ് തടാകം മലിനമാകുന്നതെന്ന് കണ്ടെ ത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് വ്യവസായശാലകൾ പൂട്ടാൻ തീരുമാനിച്ചത്. ഓരോ വ്യവസായശാലകൾക്കും പ്രത്യേകം നോട്ടീസ് നല്കാൻ കാലതാമസമെടുക്കുമെന്നതിനാൽ പത്രങ്ങളിലൂടെ മുന്നറിയിപ്പ് നല്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ തീരുമാനം. മലിനീകരണത്തിനു കാരണമാകുന്ന തടാകത്തിനു സമീപത്തെ അപ്പാർട്ട്മെന്‍റുകൾക്കും നോട്ടീസ് നല്കും.

നിലവിൽ ബെല്ലന്ദൂർ തടാകനവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തടാകത്തിനു ചുറ്റും വേലി കെട്ടിയ ശേഷമാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. പായലും കളകളും മാലിന്യങ്ങളും നീക്കി മൂന്നുമാസത്തിനകം തടാകം പൂർണമായും ശുചീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.