ആനിമൽ കിംഗ്ഡം പ്രദർശനം കാണാം, വന്യമൃഗങ്ങളെ അറിയാം
Thursday, May 11, 2017 8:00 AM IST
ബംഗളൂരു: ടിവിയിൽ മാത്രം കണ്ട ുപരിചയിച്ച, ആഫ്രിക്കയിലെയും അമേരിക്കയിലെയും വനാന്തരങ്ങളിലുള്ള മൃഗങ്ങളെ അടുത്തുകാണാം, ഭംഗി ആസ്വദിക്കാം, അവയെ തൊട്ടു തലോടാം, സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ട ിലെ അനിമൽ കിംഗ്ഡം പ്രദർശനനഗരിയിൽ ചെന്നാൽ മതി. ഒരു സുരക്ഷാവേലി പോലുമില്ലാതെ വന്യമൃഗങ്ങളെ തൊട്ടടുത്ത് കാണുന്പോൾ പേടിക്കേണ്ട കാര്യമില്ല, കാരണം അനങ്ങുന്നുണ്ടെങ്കിലും അവയ്ക്ക് ജീവനില്ല. യന്ത്രസഹായത്തോടെ ചലിക്കുന്ന വന്യമൃഗങ്ങളുടെ പൂർണകായ രൂപങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ദേശീയ ഉപഭോക്തൃമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിൽ ആയിരക്കണക്കിന് സന്ദർശകരാണ് എത്തുന്നത്.

പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയ മൃഗശാലയിലാണ് പ്രദർശനം. മാമത്ത് തുടങ്ങി വിവിധ ഇനങ്ങളിലുള്ള ആനകൾ, ചൈനീസ് പാണ്ട , ആസാമിലെ കാണ്ട ാമൃഗം, അറ്റ്ലാന്‍റിക് സമുദ്രത്തിലെ സ്രാവ്, ബംഗാളിലെ വെള്ളക്കടുവ, ചെങ്കടലിലെ ഡോൾഫിൻ, ചീങ്കണ്ണി, ഗുജറാത്ത് സിംഹം, കിംഗ് കോംഗ്, സീബ്ര, വിവിധയിനം പാന്പുകൾ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം. കലാകാരനായ ഗൗതം അഗർവാളാണ് ജീവൻതുടിക്കുന്ന രൂപങ്ങളുടെ ശിൽപി. കൂടാതെ അക്വാഷോയും ബേർഡ് ഷോയും പ്രദർശനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട ്. മധ്യവേനലവധിയിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. വന്യജീവികളെക്കുറിച്ചും വനത്തെക്കുറിച്ചും അവബോധം വളർത്താൻ ആനിമൽ കിംഗ്ഡം പ്രദർശനം സഹായകമാകുമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

രാവിലെ 11 മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം. അന്പതു രൂപയാണ് പ്രവേശനഫീസ്. മേയ് 21ന് പ്രദർശനം അവസാനിക്കും.