ബംഗളൂരുവിലും വരും സൈക്കിൾ ട്രാക്ക്
Saturday, May 13, 2017 8:35 AM IST
ബംഗളൂരു: മൈസൂരു മാതൃകയിൽ ബംഗളൂരുവിലും സൈക്കിൾ ട്രാക്കുകൾ വരുന്നു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനുമായാണ് ബിബിഎംപിയുടെ നേതൃത്വത്തിൽ സൈക്കിൾ ട്രാക്ക് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എച്ച്എസ്ആർ ലേഒൗട്ടിൽ 27.5 കിലോമീറ്റർ ദൂരത്തിൽ സൈക്കിൾ ട്രാക്ക് സ്ഥാപിക്കും. 19 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്.

നേരത്തെ, അഞ്ചു വർഷം മുന്പുതന്നെ ബംഗളൂരുവിൽ സൈക്കിൾ ട്രാക്ക് പദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം പൂർത്തിയാക്കാനായില്ല.

മൈസൂരുവിൽ സൈക്കിൾ ട്രാക്കുകൾ സ്ഥാപിച്ചത് വൻവിജയമായതോടെയാണ് വീണ്ടും പദ്ധതിക്കു ജീവൻവച്ചത്. മൈസൂരു മാതൃകയിൽ സൈക്കിളുകൾ വാടകയ്ക്കു നല്കാനും ബിബിഎംപി പദ്ധതിയിടുന്നുണ്ട ്.

സൈക്കിളുകൾക്ക് മാത്രമായി ട്രാക്കുകൾ എത്തുന്നത് നഗരത്തിലെ സൈക്കിൾ യാത്രികർക്ക് ഏറെ ആശ്വാസമാകും. പ്രത്യേക നിറത്തിൽ അടയാളപ്പെടുത്തി മറ്റു റോഡുകളുമായി വേർതിരിച്ചായിരിക്കും സൈക്കിൾ ട്രാക്കുകൾ തയാറാക്കുന്നത്. സൈക്കിൾ യാത്രികർക്കായി എല്ലാ ചിഹ്നങ്ങളും പാതയിൽ പ്രദർശിപ്പിക്കും.