സീറോ മലബാര്‍ സഭാംഗങ്ങളുടെആഴമേറിയ വിശ്വാസവും സമര്‍പ്പണ മനോഭാവവും മാതൃകാപരം: കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി
Monday, May 15, 2017 8:31 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും സമര്‍പ്പണ മനോഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങള്‍ക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകള്‍ക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി. ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വളരുവാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതക്ക് സാധിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു.

ഡാന്‍ഡിനോങ്ങ് സെന്റ് ജോണ്‍സ് കോളേജില്‍ എത്തിചേര്‍ന്നകര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിയ്ക്കുംമാര്‍പ്പാപ്പയുടെ ഓസ്‌ട്രേലിയായിലെ സ്ഥിരം പ്രതിനിധി അഡോള്‍ഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും വിശിഷ്ട വ്യക്തികള്‍ക്കും രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഓസ്‌ട്രേലിയായിലെ ഇതര പൗരസ്ത്യ സഭാപിതാക്കന്മാരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മ്മികരായി. കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി വചനസന്ദേശം നല്കി.

കത്തീഡ്രല്‍ ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച രംഗപൂജയോടെ പൊതുയോഗം ആരംഭിച്ചു. സീറോ മലബാര്‍ സഭയുടെയും ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതയുടെയും വളര്‍ച്ചാഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന വീഡിയോ സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു.മാര്‍ ബോസ്‌കോ പുത്തൂര്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക ദൈവാലത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലം വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുന്ന കര്‍മ്മം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി നിര്‍വ്വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ കൃതഞ്ജത അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍