രാജകുമാരിയുടെ പേരിൽ വ്യാജ അക്കൗണ്ട്; വിശദീകരണവുമായി യുവരാജാവ്
Tuesday, May 16, 2017 5:46 AM IST
മൈസൂരു: ഭാര്യയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടിനെതിരേ മൈസൂരു യുവരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ. രാജകുമാരി തൃഷിക കുമാരിയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരേയാണ് യദുവീർ വിശദീകരണക്കുറിപ്പിറക്കിയത്. തൃഷികയ്ക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഇല്ലെന്നും നിലവിലുള്ളത് വ്യാജനാണെന്നും യദുവീർ തന്‍റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ നല്കിയ കുറിപ്പിൽ വ്യക്തമാക്കി. ഈ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും രാജകുടുംബം ഉത്തരവാദികളല്ലെന്നും ആരും ഇത്തരം അക്കൗണ്ടുകൾ പിന്തുടരരുതെന്നും യദുവീർ കുറിപ്പിൽ അഭ്യർഥിച്ചു.

കഴിഞ്ഞ മാസമാണ് തൃഷികയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഏതാനും പേർ അക്കൗണ്ട് പിന്തുടരുകയും ചെയ്തു. രാജകുമാരിയുടെ ഏതാനും ചിത്രങ്ങൾ അക്കൗണ്ടിൽ അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് വിശദീകരണവുമായി യുവരാജാവ് തന്നെ എത്തിയത്.