തടാകമലിനീകരണം: ബംഗളൂരുവിനു പിന്നാലെ ഹാസനും
മൈസൂരു: ബംഗളൂരുവിലെ തടാകമലിനീകരണം അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായതാണ്. മലിനീകരണം മൂലം തടാകങ്ങൾ പതഞ്ഞുപൊങ്ങുന്നത് പതിവായ സാഹചര്യത്തിൽ ദേശീയ ഹരിതട്രൈബ്യൂണൽ ഇടപെടുകയും ചെയ്തിരുന്നു. ബെല്ലന്ദൂർ തടാകത്തിനു തീപിടിക്കുകയും ചെയ്ത സാഹചര്യത്തിൽ ട്രൈബ്യൂണലിന്‍റെ ഉത്തരവ് അനുസരിച്ച് നഗരത്തിലെ തടാകങ്ങൾ ശുദ്ധീകരിക്കാനുള്ള കഠിനശ്രമത്തിലാണ് സർക്കാർ. എന്നാൽ സംസ്ഥാനത്തെ മറ്റു തടാകങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് റിപ്പോർട്ടുകൾ. ഹാസനിലെ ദൊഡ്ഡബസവനഹള്ളിയിലെ തടാകത്തിനു തീപിടിച്ച സംഭവം ജില്ലാ ഭരണകൂടം ആശങ്കയോടെയാണ് കാണുന്നത്.

തടാകത്തിനു സമീപത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) കേന്ദ്രത്തിൽ നിന്ന് പുറന്തള്ളുന്ന അസംസ്കൃത എണ്ണ തടാകത്തിലെത്തിയതാണ് തീപിടിത്തത്തിനു കാരണമെന്നാണ് ആരോപണമുയർന്നിരുന്നത്. ഇതേത്തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എച്ച്പിസിഎല്ലിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. അസംസ്കൃത എണ്ണ തടാകത്തിലേക്ക് ഒഴുകിയിട്ടും എന്തുകൊണ്ട് പരിഹാര മാർഗങ്ങൾ സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ബോർഡിന്‍റെ നിർദേശ പ്രകാരം ജില്ലാ ഭരണകൂടം തടാകത്തിലെ എണ്ണ നീക്കുകയും ചെയ്തു.

തടാകങ്ങൾ മലിനമാക്കുന്ന വ്യക്തികൾക്കും വ്യവസായശാലകൾക്കുമെതിരേ കർശന നടപടികൾ വേണമെന്ന് ആവശ്യമുയരുകയാണ്. തടാകമലിനീകരണം മൂലം സമീപവാസികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. രാസമാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനാൽ തീരത്തു താമസിക്കുന്നവർക്ക് ശ്വാസകോശരോഗങ്ങളടക്കം വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി പരാതിയുയർന്നിരുന്നു. ബെല്ലന്ദുർ തടാകമലിനീകരണത്തിന്‍റെ പശ്ചാത്തലത്തിൽ സമീപത്തെ വ്യവസായശാലകൾ അടച്ചുപൂട്ടാൻ നിർദേശം നല്കിയിരുന്നു. സംസ്ഥാനത്തെ തടാകങ്ങളെ രക്ഷിക്കാൻ ഇത്തരത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.