വാരാന്ത്യങ്ങളിൽ കൂടുതൽ സർവീസുകളുമായി കേരള ആർടിസി; വെള്ളിയാഴ്ചകളിൽ നാലു സ്പെഷൽ ബസുകൾ
Tuesday, May 16, 2017 5:49 AM IST
ബംഗളൂരു: മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം അംഗീകരിച്ച് കേരള ആർടിസിയുടെ നടപടി. നാട്ടിലേക്ക് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ചകളിൽ ബംഗളൂരുവിൽ നിന്ന് നാലു സ്പെഷൽ ബസുകൾ സർവീസ് നടത്തും. കോഴിക്കോട്ടേക്കു രണ്ടും തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുമാണ് നടത്തുന്നത്. ഞായറാഴ്ചകളിൽ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചും സ്പെഷൽ ബസുകൾ സർവീസ് നടത്തും. മാനന്തവാടി-കുട്ട വഴിയാണ് സർവീസുകൾ.

ഐടി ജീവനക്കാരും വിദ്യാർഥികളുമടക്കം നിരവധി പേർ വെള്ളിയാഴ്ച ദിവസങ്ങളിൽ നാട്ടിലേക്കു പോയി ഞായറാഴ്ചകളിൽ തിരിച്ചുവരുന്നുണ്ട്. ഈ തിരക്ക് മുതലെടുത്ത് കർണാടക ആർടിസി വാരാന്ത്യങ്ങളിൽ സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു. കേരള ആർടിസിയുടെ വാരാന്ത്യ സർവീസുകൾ എത്തുന്നതോടെ വലിയൊരു വിഭാഗം യാത്രക്കാർക്ക് ആശ്വാസമാകും.

ബംഗളൂരുവിൽ നിന്നുള്ള വാരാന്ത്യ സ്പെഷൽ ബസുകൾ:

വൈകുന്നേരം 6.30: ബംഗളൂരു- എറണാകുളം സൂപ്പർ ഡീലക്സ്
രാത്രി 7.15: ബംഗളൂരു- തൃശൂർ സൂപ്പർ ഡീലക്സ്
രാത്രി 8.20: ബംഗളൂരു- കോഴിക്കോട് സൂപ്പർ എക്സ്പ്രസ്
രാത്രി 9.25: ബംഗളൂരു- കോഴിക്കോട് സൂപ്പർ എക്സ്പ്രസ്