കുടിവെള്ള പദ്ധതി വൈകി; ടാൻസാനിയയിൽ ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടി
ദാറസ്സലാം: ടാൻസാനിയയിൽ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാത്ത ഇന്ത്യൻ കന്പനിയിലെ ഉദ്യോഗസ്ഥരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ പ്രസിഡന്‍റ് ജോണ്‍ മഗുഫുലി ഉത്തരവിട്ടു. ഓവർസീസ് ഇൻഫ്രാസ്ട്രക്ചർ അലയൻസ് ഇന്ത്യ എന്ന കന്പനിയുടെ പ്രതിനിധി രാജന്ദ്രേകുമാറിന്‍റെയും സഹപ്രവർത്തകരുടെയും പാസ്പോർട്ട് പിടിച്ചെടുക്കാനാണ് ഉത്തരവ്. ജലപദ്ധതി നാലു മാസത്തിനുളളിൽ പൂർത്തിയാക്കിയില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

ലിൻഡിയെന്ന നഗരത്തിൽ നടപ്പാക്കുന്ന 13 മില്യണ്‍ ഡോളർ പദ്ധതി 2015 മാർച്ചിൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടു പദ്ധതി അനിശ്ചിതമായി നീണ്ടുപോയതാണ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച പദ്ധതി സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രസിഡന്‍റ് പാസ്പോർട്ട് കണ്ടുകെട്ടാനുള്ള ഉത്തരവു നൽകിയത്.