സ്റ്റീവനേജിൽ ഫാത്തിമ സെന്‍റനറി ആഘോഷവും മലയാളം കുർബ്ബാനയും ശനിയാഴ്ച
Tuesday, May 16, 2017 7:44 AM IST
സ്റ്റീവനേജ്: പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ അമ്മ ’കുട്ടിയിടയർക്ക്’ പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം നൽകിയതിന്‍റെ നൂറാം വാർഷികം ആഗോള കത്തോലിക്കാ സഭയോടൊപ്പം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹവും ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഫാത്തിമായിൽ പരിശുദ്ധ അമ്മ നൽകിയ ദിവ്യ സന്ദേശം പൂർണ്ണമായി അനുവർത്തിച്ച വിശ്വാസി സമൂഹം പൈശാചിക ശക്തിയുടെ മേൽ പ്രാർത്ഥനകൾ കൊണ്ട് കൈവരിച്ച വിജയത്തിന്‍റെ ആഹ്ളാദവും, പരിശുദ്ധ ജപമാലയുടെയും ദൈവീക കരുതലിന്‍റെയും ശക്തിയും, വിശ്വാസവും പ്രഘോഷിക്കുവാനും ഒപ്പം മാതൃ വണക്കത്തിനായും ആയിട്ടാണ് ഈ നൂറാം വാർഷികം ആഘോഷിക്കുന്നത്.

മെയ് 20 നു ശനിയാഴ്ച ഉച്ചക്ക് 2ന് സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് മലയാളി കത്തോലിക്കാ സമൂഹം മാതൃ ഭക്തി പ്രഘോഷണം നടത്തുക. വെസ്റ്റ് മിനിസ്റ്റർ അതിരൂപതയുടെ പരിധിയിലുള്ള സീറോ മലബാർ സമൂഹത്തിന്‍റെ ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ ശുശ്രുഷകൾ നയിക്കും. ഫാത്തിമയിൽ ആശീർവ്വദിക്കപ്പെട്ട് യു കെ യിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഫാത്തിമാ മാതാവിന്‍റെ തിരുസ്വരൂപം ഉച്ചയോടെ ദേവാലയ അങ്കണത്തിൽ എത്തിച്ചേരും.

പരിശുദ്ധ ജപമാല സമർപ്പണത്തോടെ ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന ഫാത്തിമ നൂറാം വാർഷിക ശുശ്രുഷകളിൽ വിശുദ്ധ ബലിയെത്തുടർന്ന്, ലദീഞ്ഞും നടത്തപ്പെടും. ഫാത്തിമ മാതാവിന്‍റെ രൂപം വഹിച്ചു കൊണ്ട് ലുത്തീനിയ ആലപിച്ച് നടത്തപ്പെടുന്ന പ്രദക്ഷിണത്തിനു ശേഷം സമാപന ആശീർവ്വാദം നൽകും.ഫാത്തിമ അമ്മയെ വണങ്ങുന്നതിനും മുത്തുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 07737956977, 07533896656 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ