കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു
Thursday, May 18, 2017 4:58 AM IST
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ.

1956 ജൂണ്‍ ആറിന് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ബാഡ്നഗറിലായിരുന്നു ദവെയുടെ ജനനം. ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൽ അംഗമായിരുന്നു അദ്ദേഹം. 2009 മുതൽ രാജ്യസഭാംഗമായിരുന്ന ദവെ കഴിഞ്ഞ വർഷമാണ് മന്ത്രിയായി അധികാരമേറ്റത്.

ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദവെയുടെ മരണം വലിയ നഷ്ടമെന്നും മോദി. തന്‍റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയും അദ്ദേഹവുമായി പ്രധാനപ്പെട്ട വിഷയങ്ങൾ താൻ ചർച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.