ഇന്ത്യയിലെ വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണം ഒന്നാമത്
Thursday, May 18, 2017 4:59 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണം ഒന്നാമത്. രാജ്യത്തെ 75 തിരക്കുള്ള റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുത്തി ക്വാളിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യ തയാറാക്കിയ സർവേയിലാണ് വിശാഖപട്ടണം ഒന്നാമതെത്തിയത്. ബിഹാറിലെ ദർബാങ്കയാണ് ഏറ്റവും മോശം റെയിൽവേ സ്റ്റേഷൻ.

സ്വച്ഛ് റെയിൽ പദ്ധതിയുടെ ഭാഗമായി റെയിൽവേയിൽ ശുചിത്വത്തെകുറിച്ചുള്ള മൂന്നാമത്തെ സർവേയാണിത്. ബുധനാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം, ശുദ്ധിയുള്ള ട്രാക്കുകൾ, ശൗചാലയങ്ങൾ എന്നിവ പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്.

സെക്കന്തരാബാദ് രണ്ടാമതും ജമ്മു സ്റ്റേഷൻ മൂന്നാം സ്ഥാനത്തുമാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് പട്ടികയിൽ 39ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു.