മുത്തലാഖ്: സുപ്രീം കോടതിയിൽ വാദം പൂർത്തിയായി; വിധി പിന്നീട്
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലായിരുന്നു വാദം. ജസ്റ്റീസ് കുര്യൻ ജോസഫ്, ജസ്റ്റീസ് ആർ.എഫ്.നരിമാൻ, ജസ്റ്റീസ് യു.യു.ലളിത്, ജസ്റ്റീസ് എസ്. അബ്ദുൾ നസീർ എന്നിവരാണ് ജസ്റ്റീസ് ഖെഹറിനൊപ്പം വാദം കേട്ടത്.

സൃഷ്ടവിനും വ്യക്തിക്കുമിടയിലെ പാപമാണ് മുത്തലാഖെന്ന ഹർജിക്കാരിയായ സൈറ ബാനുവിന്‍റെ അഭിഭാഷകൻ അമിത് ചന്ദ് കോടതിയിൽ വാദിച്ചു. ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്കരിക്കണമെന്നും നിർദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്‌ലിം വ്യക്തിനിയമ ബോർഡ് ബുധനാഴ്ച കോടതി അറിയിച്ചിരുന്നു.

മുത്തലാഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് മുസ്‌ലീം വ്യക്തി നിയമ ബോർഡ് കോടതിയിൽ വാദിച്ചിരുന്നു. വിഷയത്തിൽ ഭരണഘടനാപരമായ ധാർമികത പരിശോധിക്കേണ്ട കാര്യമില്ല. മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്‍റെ ഭാഗമാണ്. 1400 വർഷമായി തുടരുന്ന വിവാഹമോചനരീതി എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് ബോർഡിനു വേണ്ടി ഹാജരായ മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ചോദിച്ചിരുന്നു. വ്യക്തിനിയമങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കോടതിയുടെ ഇടപെടലുകൾക്ക് പരിമിതികളുണ്ടെന്നും കപിൽ സിബൽ പറഞ്ഞു.

മുത്തലാഖ് ഇസ്‌ലാംവിരുദ്ധവും ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകൻ ആനന്ദ് ഗ്രോവർ ആരോപിച്ചിരുന്നു. എല്ലാ വ്യക്തി നിയമങ്ങളും ഭരണഘടനയുമായി ചേർന്ന് പോകേണ്ടതുണ്ടെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗും ചൂണ്ടിക്കാട്ടിയിരുന്നു. തലാഖിനെ തുടർന്ന് വിവാഹമോചനത്തിന് കൃത്യമായ നടപടിക്രമം രൂപീകരിക്കേണ്ടതുണ്ടെന്ന് കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടിരുന്നു. പുരുഷമേധാവിത്വമുള്ള വിവാഹമോചന രീതിയാണ് ഇതെന്നും ഇതിനു പകരം ഇരു കൂട്ടർക്കും തുല്യാവകാശങ്ങൾ ഉറപ്പു വരുത്തുന്ന പുതിയ നിയമം ഉണ്ടാവണമെന്നും കേന്ദ്രം കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.

മുത്തലാഖ് ഏറ്റവും നീചമായ വിവാഹമോചന രീതിയെന്നും കേസിൽ വാദം കേൾക്കവേ കോടതി പരാമർശിച്ചിരുന്നു. മുത്തലാഖ് പാപമാണെന്ന് കേസിൽ അമിക്കസ് ക്യൂറിയായ സൽമാൻ ഖുർഷിദ് കോടതിയെ അറിയിച്ചു. എന്നാൽ ദൈവത്തിൻറെ കണ്ണിൽ പാപമെങ്കിൽ മുത്തലാഖ് എങ്ങനെ തുടരാനാകുമെന്ന് കോടതി. പാപം ചെയ്യാൻ ഒരു മതവും അനുമതി നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായ കേസിൽ കക്ഷിചേർന്നിരുന്നു. മുസ്‌ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നൽകി. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്. മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർശിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.