കുടിയേറ്റം തടഞ്ഞാൽ ബ്രിട്ടനെ പാഠം പഠിപ്പിക്കും: മെർക്കൽ
Thursday, May 18, 2017 8:10 AM IST
ബർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിച്ചാൽ ബ്രിട്ടൻ കനത്ത വില നൽകേണ്ടി വരുമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ മുന്നറിയിപ്പ്.

ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റം കർക്കശമായി നിയന്ത്രിക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു മെർക്കൽ. യൂറോപ്യൻ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നേരിട്ടു തന്നെ സൂചന നൽകിയിട്ടുള്ളതാണ്.

ബ്രെക്സിറ്റിലേക്കു പോകാനുള്ള അടിസ്ഥാന കാരണങ്ങളിലൊന്നും യൂറോപ്പിൽനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം തന്നെയായിരുന്നു. നിയന്ത്രണം സാധ്യമായില്ലെങ്കിൽ ബ്രിട്ടന് ബ്രെക്സിറ്റ് കൊണ്ട് കാര്യമായ പ്രയോജനമില്ലാത്ത സ്ഥിതിയാണ് സംജാതമാകുക.

സഞ്ചാര സ്വാതന്ത്ര്യത്തിനു പരിമിതികൾ വന്നാൽ ബ്രിട്ടനുമായുള്ള യൂറോപ്യൻ യൂണിയന്‍റെ ബന്ധത്തെ അതു കാര്യമായി ബാധിക്കുമെന്നാണ് മെർക്കൽ പറയുന്നത്. ഈ സാഹചര്യത്തിൽ ബാക്കി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ബ്രിട്ടൻ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ