ക്യാഷ്‌ലെസ് ആകാന്‍ ജര്‍മന്‍കാര്‍ ഒരുക്കമല്ല
ബര്‍ലിന്‍: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തനം ചെയ്യപ്പെടാന്‍ ജര്‍മന്‍ ജനതയില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ല ഇതിനു കാരണം. മറിച്ച്, പണം നേരിട്ട് ഉപയോഗിക്കുന്ന ശീലത്തില്‍നിന്നു മാറാനുള്ള ജനങ്ങളുടെ മടിയാണ്.

രാജ്യത്ത് ഇപ്പോഴും പണം മാത്രം സ്വീകരിക്കുന്ന, കാര്‍ഡ് സ്വീകരിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ വളരെയേറെയാണ്. എന്നാല്‍, ക്യാഷ് മെഷീനുകള്‍ ആനുപാതികമായി കുറവും. വികസിത രാജ്യങ്ങളിലേറെയും പേപ്പര്‍ കറന്‍സി ഒഴിവാക്കി കാര്‍ഡ് - ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളിലേക്ക് മാറുകയും ചെയ്യുന്നു. എന്നിട്ടും ജര്‍മനിക്കാര്‍ ഇതിലത്ര താത്പര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത.

കറന്‍സി നോട്ടുകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഐഎന്‍ജി-ഡിബ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും വ്യക്തമാക്കിയത്. യൂറോപ്യന്‍ ശരാശരി 76 ശതമാനമാണ്.

ജര്‍മനിയെക്കാള്‍ കൂടുതല്‍ ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥയെ എതിര്‍ക്കുന്ന ഏതെങ്കിലും ജനത യൂറോപ്പിലുണ്‌ടെങ്കില്‍ ഇത് ഇറ്റലിക്കാരാണ്. അവിടെ 85 ശതമാനം പേരാണ് കറന്‍സി ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ട് അറിയിക്കുന്നത്. 13 യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും യുഎസിലുമാണ് സര്‍വേ നടത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍