ഹേഗിലെ രാജ്യാന്തര കോടതിയിൽ മലയാളി സാന്നിധ്യം
Friday, May 19, 2017 8:04 AM IST
ഫ്രാങ്ക്ഫർട്ട്-ഹേഗ്: കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷക്ക് സ്റ്റേ നൽകുംവരെ ഹേഗിലെ രാജ്യാന്തര കോടതിയിൽ നടന്ന വിചാരണവേളയിൽ മലയാളി സാന്നിധ്യം. നെതർലൻഡ്സിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആൻറണി ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധികളിൽ ഒരാളായി ഈ വിചാരണയിൽ പെങ്കടുത്തു. 2012 ഇന്ത്യൻ ഫോറിൻ സർവിസിൽപെട്ട ആശ നെതർലൻഡ്സ് എംബസിയിൽ സെക്കൻഡ് സെക്രട്ടറിയാണ്. വത്തിക്കാനിൽ മദർ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ പ്രതിനിധിയായും ആശ പങ്കെടുത്തിരുന്നു.

2009ൽ എറണാകുളം സെൻറ് തെരേസാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയശേഷമാണ് ആശ വിദേശ സർവീസിൽ പ്രവേശിക്കുന്നത്. ബ്രസീലിലെ ഇന്ത്യൻ എംബസിയിലായിരുന്നു ആദ്യനിയമനം. 2016 ലാണ് നെതർലൻഡ്സിലെ എംബസിയിലെത്തുന്നത്.

അഡ്വക്കറ്റ് ജനറൽ ഓഫിസിലെ റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ കെ.ടി. ആൻറണിയുടേയും പഞ്ചാബ് നാഷണൽ ബാങ്കിലെ റിട്ട. ഓഫിസർ സുശീല ആൻറണിയുടേയും മകളാണ് ആശാ ആന്‍റണി. ബ്രിട്ടനിൽ സയൻറിസ്റ്റായ റൈറ്റ് ജേക്കബാണ് ഭർത്താവ്. സഹോദരൻ തോമസ് ആൻറണി അമേരിക്കയിൽ സ്പേസ് എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍