ഷൂമിയുടെ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിയ്ക്ക് തടവ്
പാരീസ്: ഫോർമുല വണ്‍ ഇതിഹാസം മൈക്കൽ ഷുമാഹറുടെ മക്കളെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ആൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ഇയാളുടെ ശിക്ഷ സസ്പെൻഡ് ചെയ്ത കോടതി, മനശാസ്ത്ര ചികിത്സ നൽകാനും ഉത്തരവിട്ടു.

ഒന്പതു ലക്ഷം യൂറോ നൽകിയില്ലെങ്കിൽ ഷൂമിയുടെ മക്കളെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇരുപതുകാരിയായ ജീന മരിയയും പതിനെട്ടുകാരനായ മിക്കുമാണ് ഷൂമിയുടെ മക്കൾ. ഷൂമിയുടെ ഭാര്യ കോറിനയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഇതിൽ പണമിടാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നതിനാൽ പോലീസിന് അനായാസം ആളെ പിടികൂടാൻ സാധിച്ചു. ഇത്തരത്തിൽ മെയിൽ അയച്ചതുകൂടി കണക്കിലെടുത്താണ് കോടതി പ്രതിക്ക് ചികിത്സ നിർദേശിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ