ചർച്ചിലിനെയും താച്ചറെയും ഓർമിപ്പിച്ച് തെരേസയുടെ പ്രകടനപത്രിക
Saturday, May 20, 2017 2:59 AM IST
ലണ്ടൻ: ബ്രിട്ടൻ കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിരായിരുന്ന സർ വിൻസ്റ്റണ്‍ ചർച്ചിലിനെയും മാർഗരറ്റ് താച്ചറെയും അനുസ്മരിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയ് അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി.

ചർച്ചിലും താച്ചറും ഉപയോഗിച്ചിട്ടുള്ള, ഒരുമിച്ച് മുന്നോട്ട് (ഫോർവേഡ് ടുഗെദർ) എന്ന തലക്കെട്ടാണ് തന്‍റെ പ്രകടനപത്രികയ്ക്കും തെരേസ ഉപയോഗിച്ചിരിക്കുന്നത്. സ്വാർഥ താത്പര്യങ്ങളുമായി പ്രവർത്തിക്കുന്ന വന്പൻ ബിസിനസുകാരെ പാഠം പഠിപ്പിക്കുമെന്നും, സ്കൂളുകൾക്കും ആശുപത്രികൾക്കും ബില്യൻ കണക്കിന് പൗണ്ട് സഹായം നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

സാധാരണക്കാർക്കും അധ്വാനിക്കുന്ന തൊഴിലാളികൾക്കും ഗുണപരമായ പദ്ധതികൾ നടപ്പാക്കുന്ന തെരേസ, പല കടുത്ത തീരുമാനങ്ങളും ഭാവിയിൽ സ്വീകരിക്കാൻ ബ്രിട്ടൻ നിർബന്ധിതമാകുമെന്ന മുന്നറിയിപ്പു കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രതിപക്ഷ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ ഹാലിഫാക്സിൽ വച്ചാണ് തെരേസ കണ്‍സർവേറ്റീവ് പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയതെന്നതും ശ്രദ്ധേയം.

ഒരു ലക്ഷം പൗണ്ടിൽ താഴെ സന്പത്തുള്ള ആരും സോഷ്യൽ കെയറിനു പണം നൽകേണ്ടി വരില്ലെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. എന്നാൽ, വീട്ടിൽ കെയർ നേടാൻ മാത്രം സന്പത്തുള്ളവരുടെ ബിൽ കൂടാനും പെൻഷൻ കുറയാനുമുള്ള സാധ്യതയും പ്രകടനപത്രിക മുന്നോട്ടു വയ്ക്കുന്നു.

ടോറി പ്രകടനപത്രിക കുടിയേറ്റവിരുദ്ധം

പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച കണ്‍സർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രിക കുടിയേറ്റവിരുദ്ധമെന്ന് ആരോപണമുയരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

യൂറോപ്യൻ യൂണിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികൾക്ക് ബ്രിട്ടനിൽ ജോലിചെയ്യുന്നതിന് നിയമങ്ങൾ കർക്കശമാക്കുമെന്നാണ് ഇതിൽ പറയുന്നത്. കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾ പ്രതിവർഷം ഒരാൾക്ക് 2000 പൗണ്ട് വീതം പിഴ നൽകണമെന്നും കുടിയേറിയെത്തുന്നവർ ദേശീയ ആരോഗ്യ സർവിസ് സ്ഥാപനങ്ങളിൽ ചികിത്സ തേടുന്പോൾ ഫീസ് നൽകണമെന്നും നിഷ്കർഷിക്കുന്നുണ്ട്.

ഇത്തരമൊരു പ്രകടനപത്രിക മുന്നിൽക്കണ്ട് വോട്ടുലന്ധിച്ച് തെരഞ്ഞെടുപ്പിൽ മേ വിജയിച്ചാൽ ബ്രിട്ടനിലേയ്ക്ക് കുടിയേറാൻ ശ്രമിയ്ക്കുന്ന ഇൻഡ്യാക്കാരുടെ കാര്യം കഷ്ടത്തിലാവുമെന്നു മാത്രമല്ല വിദേശ നാണ്യത്തിന്‍റെ വരവിലും നഷ്ടമുണ്ടാവുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ