ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾക്ക് ഹീത്രൂവിൽ ഉൗഷ്മളമായ സ്വീകരണം
Saturday, May 20, 2017 3:03 AM IST
ലണ്ടൻ: ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധർമ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾക്ക് ഹീത്രൂവിൽ സേവനം യുകെയുടെ നേതൃത്വത്തിൽ ഉൗഷ്മള സ്വീകരണം നൽകി.ഗുരുദേവ ദർശനങ്ങൾ നെഞ്ചേറ്റിയ സേവനം യുകെ രണ്ടാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഗുരുപ്രസാദ് സ്വാമികൾ പ്രത്യേക ക്ഷണ പ്രകാരം യു.കെ യിൽ എത്തിയിരിക്കുന്നത് . മെയ് 21ന് ഡെർബി ഗീതാഭവൻ ഹാളാണ് ഈ ആഘോഷങ്ങൾക്ക് വേദിയാവുക. ഗുരുദേവൻ മുന്നോട്ട് വെച്ച് വിശ്വമാനവികതയുടെ ദർശനങ്ങൾ ജീവിതത്തിൽ പകർത്തി സേവനമനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് സേവനം യുകെ. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധർമ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉത്ഘാടനം നിർവഹിക്കും.യുകെയിലെ പുതിയ സീറോ മലബാർ സഭാ മതബോധന ഡയറക്ടർ ഫാ. ജോയ് വയലിൽ വാർഷികസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സ്വാമിയുടെ നേതൃത്വത്തിൽ ഗീതാഭവൻ ഹാളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ചടങ്ങുകൾ. കുടുംബത്തിന്‍റെ സർവ്വൈശ്യരത്തിനായി ’ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചനയും, ലോകശാന്തിക്കായി ശാന്തി ഹവന ഹോമവും ചടങ്ങുകളുടെ ഭാഗമാണ്.

രാവിലെ 9.30 മുതൽ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികൾ ഗുരുദർശനത്തിന്‍റെ അകംപൊരുൾ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതൽ സമ്മേളനവേദി കലാപരിപാടികൾക്ക് വേദിയൊരുക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ കുടുംബ ഐശ്വര്യ പൂജയും നടക്കും.

ശ്രീനാരയണീയരെ സംബന്ധിച്ച് മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും ഇതെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചെന്നും സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കലും കണ്‍വീനർ ശ്രീകുമാർ കല്ലിട്ടത്തിലും വ്യക്തമാക്കി.

വാർഷികാഘോഷ വേദിയിൽ ചാരിറ്റി സ്റ്റാളുകളുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനർ ഹേമ സുരേഷ് അറിയിച്ചു.ഉപഹാർ സേവനം യുകെയുമായി ചേർന്ന് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി സ്റ്റെംസെൽ ഡൊണേഷനുള്ള രജിസ്ട്രേഷൻ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചെയർമാൻ അനിൽ കുമാർ ശശിധരൻ ജോ. കണ്‍വീനർ വേണു ചാലക്കുടി എന്നിവർ അറിയിച്ചു.യുകെയിലെ വിദൂരസ്ഥലങ്ങളിൽ നിന്നും തലേദിവസം ചടങ്ങിൽ സംബന്ധിക്കാൻ എത്തുന്ന ഗുരുദേവ വിശ്വാസികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കുടുംബ യൂണിറ്റ് കോഡിനേറ്റർ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദർശങ്ങളുടെ വിളംബരമായി ’സേവനം യുകെ’ വാർഷികാഘോഷങ്ങൾ മാറ്റാൻ ശ്രീനാരയണീയർ ഒരുങ്ങികഴിഞ്ഞു.

റിപ്പോർട്ട്: ദിനേശ് വെള്ളാപ്പള്ളി