ആരോഗ്യ മേഖല: അൻഡോറ ഒന്നാമത്, സ്വിറ്റ്സർലൻഡിന് മൂന്നാമത്
Saturday, May 20, 2017 8:22 AM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ആരോഗ്യ പരിപാലന മേഖലയ്ക്ക് ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻസെറ്റ് എന്ന ജേർണൽ തയാറാക്കിയ ഹെൽത്ത്കെയർ ആക്സസ് ആൻഡ് ക്വാളിറ്റി സൂചികയിലാണിത്. 167 രാജ്യങ്ങളിലായിരുന്നു പഠനം.

1990 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 32 രോഗങ്ങൾ കാരണമുള്ള മരണ നിരക്ക് അപഗ്രഥിച്ചാണ് സൂചിക തയാറാക്കിയിരിക്കുന്നത്. അൻഡോറയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. 95 ആണ് അവരുടെ സ്കോർ. 94 പോയിന്‍റുമായി ഐസ് ലാൻഡ് തൊട്ടു പിന്നിൽ. സ്വിറ്റ്സർലൻഡിന്‍റെ സ്കോർ 92 ആണ്. സ്വീഡനും നോർവേയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ പതിമൂന്നും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ ആറാം സ്ഥാനത്തും ജപ്പാൻ പതിനൊന്നാം സ്ഥാനത്തുമാണ്.

ആദ്യ പത്തിൽ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും ഏറ്റവും നല്ല നഴ്സിംഗ് കെയർ കിട്ടുമെന്ന് ലോകം വിശേഷിപ്പിക്കപ്പെടുന്ന ജർമനി ഇരുപതാം സ്ഥാനത്താണ്. ലക്സംബർഗ് (10), ഇറ്റലി (12), അയർലൻഡ് (13), ഓസ്ട്രിയ (14), ഫ്രാൻസ് (15), യുകെ (30), യുഎസ് (35) എന്നിങ്ങനെയാണ് റാങ്കുകൾ. 29 പോയിന്‍റ് മാത്രമുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് അവസാന സ്ഥാനത്ത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ