കൂട്ടായ്മയുടെ കരുത്തറിയിച്ച് ബല്‍ത്തങ്ങാടിയില്‍ ഉജ്വല പ്രേഷിതറാലി
Monday, May 22, 2017 1:10 AM IST
ബല്‍ത്തങ്ങാടി: ബല്‍ത്തങ്ങാടിക്കു നവ്യാനുഭവമായി കര്‍ണാടക സീറോ മലബാര്‍ കാത്തലിക് അസോസിയേഷന്റെ ഉജ്ജ്വല പ്രേഷിത റാലി. കര്‍ണാടകയിലെ കുടിയേറ്റമക്കളുടെ വിശ്വാസതീക്ഷ്ണതയും കൂട്ടായ്മയും വിളിച്ചോതുന്നതായിരുന്നു പ്രേഷിതറാലി.

അംബേദ്കര്‍ മൈതാനിയില്‍നിന്നു തുടങ്ങി നഗരം ചുറ്റി ബല്‍ത്തങ്ങാടി താലൂക്ക് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സമാപിച്ച റാലിയില്‍ ആയിരങ്ങളാണ് ആവേശപൂര്‍വം പങ്കെടുത്തത്. സമ്മേളനനഗരിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തി.

ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. 2.3 ശതമാനം വരുന്ന ഇന്ത്യന്‍ െ്രെകസ്തവര്‍ക്ക് രാജ്യത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. കര്‍ണാടകയിലെ സീറോ മലബാര്‍ െ്രെകസ്തവ സമൂഹം ഇതിനോടകംതന്നെ സാമൂഹിക സേവന രംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. അടുക്കും ചിട്ടയോടുംകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ഇവിടുത്തെ മുഴുവന്‍ ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ ഈ ജനതയ്ക്ക് സാധിക്കും. മലബാറിന്റെ മോസസ് എന്നറിയപ്പെട്ടിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെയും ഇവിടുത്തെ ആദ്യത്തെ എപ്പിസ്‌കോപ്പല്‍ വികാരിയായിരുന്ന ഫാ. പീറ്റര്‍ കൂട്ടിയാനിയുടെയും സേവനത്തെ കര്‍ദിനാള്‍ പ്രശംസിച്ചു.

മുക്കാല്‍ നൂറ്റാണ്ടുകാലം കര്‍ണാടകയില്‍ ജീവിച്ച െ്രെകസ്തവ സമൂഹം കര്‍ണാടകയിലെ മണ്ണിന്റെ മക്കളായി തീര്‍ന്നിരിക്കുന്നതില്‍ നാമെല്ലാം അഭിമാനം കൊള്ളണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. കൃഷിയോടൊപ്പം വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന നമ്മുടെ സമൂഹം അതിവേഗം വളരുന്നതില്‍ അഭിമാനമുണ്ടെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാര്‍ ലോറന്‍സ് മുക്കുഴി പറഞ്ഞു. രാഷ്ട്രീയ രംഗത്തും സാന്പത്തിക രംഗത്തും വികസനത്തിനു നേതൃത്വം കൊടുത്തുകൊണ്ട് നാം ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവര്‍ നമ്മെ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ നാം മുന്നിട്ടിറങ്ങിയാല്‍ എല്ലാം ശരിയാകുമെന്നാണ് നമ്മുടെ വിജയകഥകള്‍ പഠിപ്പിക്കുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ച ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. മറ്റു മതസ്ഥരുമായി ഇടകലര്‍ന്ന് ജീവിക്കുന്നവരാണ് മലയാളികള്‍.

ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയും ഇതുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ നടന്ന കൂറ്റന്‍ റാലി ഒരു ശക്തിപ്രകടനമല്ലെന്നും മറിച്ച് ഒരുമയുടെ പ്രദര്‍ശനമാണെന്നും തുടര്‍ന്നുസംസാരിച്ച ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എംപി പറഞ്ഞു. ക്രമമായും അതീവ ശ്രദ്ധയോടെയും പരിപാടികളില്‍ പങ്കെടുത്ത ആറായിരത്തിലേറെ വരുന്ന സദസിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

എംഎല്‍എമാരായ ജെ.ആര്‍. ലോബോ, വസന്ത് ബംഗേര, കര്‍ണാടക സര്‍ക്കാര്‍ ചീഫ് വിപ്പ് ഐവാന്‍ ഡിസൂസ, സകാല മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മത്തായി , കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം എന്നിവര്‍ പ്രസംഗിച്ചു. കെഎസ്എംസിഎ പ്രസിഡന്റ് അഡ്വ. സേവ്യര്‍ പാലേലി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ ഡയറക്ടറും മുഖ്യസംഘാടകനുമായ ഫാ. ബിനോയ് കുര്യാളശേരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി വൈദികരും സന്യസ്തരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ രംഗങ്ങളില്‍ നേട്ടം കൈവരിച്ചവരെ ചടങ്ങില്‍ ആദരിച്ചു.