ബിബിയാന; ബുണ്ടസ് ലിഗയിൽ ആദ്യമായി വനിതാ റഫറി
Monday, May 22, 2017 8:54 AM IST
ബർലിൻ: യൂറോപ്പിലെയും ജർമനിയിലെയും ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിൽ ആദ്യമായൊരു വനിതാ റഫറി കളത്തിലിറങ്ങുന്നു. ബിബിയാന സ്റ്റൈൻഹോസ് എന്ന മുപ്പത്തെട്ടുകാരിയാണ് ഈ ബഹുമതിക്ക് അർഹയാകുന്നത്.

ഹാനോവറിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയാണ് ബിബിയാന. ബുണ്‍സ് ലിഗ രൂപീകരിച്ച് 55 സീസണ്‍ പിന്നിടുന്പോഴാണ് ഒരു വനിത ആദ്യമായി വിസിൽ മുഴക്കുന്നത്.

താൻ നിരന്തരം പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിലായിരിക്കുമെന്ന് അറിയാമെന്നും, സമ്മർദ്ദം നേരിടാൻ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് റഫറിയാകാൻ ഇറങ്ങിയതെന്നും ബിബിയാന വ്യക്തമാക്കുന്നു.

ബുണ്ടസ് ലിഗയിൽ ഇതിനു മുൻപും ബിബിയാനയുടെ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ നാലാം ഓഫീഷ്യൽ മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്.ജർമൻ ഫുട്ബോൾ ഫെഡറേഷനിൽ 1999 മുതൽ ഒഫീഷ്യലായി സജീവ സാന്നിദ്ധ്യമാണ് ബിബിയാന. ഇതുസംബന്ധിച്ച ഫ്രാങ്ക്ഫർട്ടിൽ നടന്ന ഡിഎഫ്ബി പ്രസീഡിയം തീരുമാനം ഡിഎഫ്ബി പ്രസിഡന്‍റ് റൈൻഹാർഡ് ഗ്രിൻഡലാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ബിബിയാനയുടെ കൂട്ടുകാരൻ ഇംഗ്ളീഷുകാരനായ ഹോവാർഡ് വെബ്ബ് 2010 ലെ വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തിൽ റഫറി ആയിരുന്നു.ബയേണ്‍ മ്യൂണിക്കിന്‍റെ കോച്ച് പെപ് ഗാർഡിയോളയുടെ കാലത്ത് 2014 ലെ ബുണ്ടസ് ലിഗ മൽസരത്തിൽ ബിബിയാനയുടെ നിർണ്ണായകമായ തീരുമാനം വലിയ ചർച്ചയായിരുന്നു.

2011 ലെ വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനലിലും, 2012 ൽ ലണ്ടൻ ഒളിന്പിക്സ് ഫുട്ബോൾ ഫൈനലിലും ഒഫീഷ്യൽ കുപ്പായം അണിഞ്ഞിട്ടുള്ള ബിബിയാന ജൂണ്‍ ഒന്നിന് കാർഡിഫിൽ നടക്കുന്ന വനിതാ ചാന്പ്യൻസ് ലീഗ് ഫൈനലും(ലിയോണ്‍/പാരീസ് സെന്‍റ് ഗെർമെയിൻ) നിയന്ത്രിയ്ക്കുന്ന നാലു ഒഫീഷ്യൽസിൽ ഒരാളാണ്. 1979 മാർച്ച് 24 ന് ജർമനിയിലെ ബാഡ് ലൗട്ടർബർഗിലാണ് ബിബിയാന ജനിച്ചത്. അടുത്ത സീസണിൽ ബുണ്ടസ് ലിഗയിൽ ഒരോ മൽസരത്തിനും റഫറിയുടെ ഹോണറേറിയം 3800 യൂറോയിൽ നിന്ന് 5000 ആക്കി ഉയർത്തിയിട്ടുണ്ട്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ