നമ്മ മെട്രോ: സുരക്ഷാ പരിശോധന 24ന്
Tuesday, May 23, 2017 1:08 AM IST
ബംഗളൂരു: നമ്മ മെട്രോ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന വടക്കുതെക്ക് പാതയായ ഗ്രീന്‍ലൈനില്‍ 24ന് സുരക്ഷാ പരിശോധന നടത്തും. സാന്പിഗെ റോഡ് മുതല്‍ യെലച്ചനഹള്ളി വരെയുള്ള പാതയിലാണ് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ളസംഘം പരിശോധന നടത്തുന്നത്. പാതയിലെ സ്‌റ്റേഷനുകളും മജെസ്റ്റിക്കിലെ ഇന്റര്‍ചേഞ്ച് സ്‌റ്റേഷനും പരിശോധിക്കുന്ന സംഘം സിഗ്‌നലുകളുടെ പ്രവര്‍ത്തനം, സുരക്ഷാ ക്രമീകരണങ്ങള്‍, സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും പരിശോധിക്കും.

പരിശോധനയ്ക്കു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ മെട്രോ സര്‍വീസിനുള്ള സര്‍ട്ടിഫിക്കറ്റ് ബിഎംസിആര്‍എലിനു നല്കും. അടുത്ത മാസം ആദ്യംതന്നെ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. വടക്കുതെക്ക് പാതയില്‍ സാന്പിഗെ റോഡ് മുതല്‍ യെലച്ചനഹള്ളി വരെയുള്ള പാതയിലാണ് ഇനി മെട്രോ ഓടിത്തുടങ്ങേണ്ടത്. ഇതില്‍ സാന്പിഗെ റോഡിനും നാഷണല്‍ കോളജിനുമിടയിലുള്ള ഭാഗം ഭൂഗര്‍ഭപാതയാണ്.

വടക്കുതെക്കു പാത യാത്രയ്ക്ക് സജ്ജമാകുന്നതോടെ നമ്മ മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. നേരത്തെ ഏപ്രിലില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമെന്നാണ് ബിഎംസിആര്‍എല്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുകയായിരുന്നു. കിഴക്കുപടിഞ്ഞാറ് ഇടനാഴിയായ പര്‍പ്പിള്‍ ലൈനില്‍ കഴിഞ്ഞ വര്‍ഷം സര്‍വീസ് പൂര്‍ണമായി ആരംഭിച്ചിരുന്നു. അതേസമയം, മെട്രോയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും നേതാക്കന്‍മാരുമടക്കം 250 വിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.