ആണവോർജം ഒഴിവാക്കണമെന്ന് സ്വിസ് ഹിതപരിശോധനാഫലം
Tuesday, May 23, 2017 7:44 AM IST
ബർലിൻ: ആണവോർജം ഘട്ടംഘട്ടമായി പൂർണമായും ഒഴിവാക്കുന്നതിനെ പിന്തുണച്ചു ഹിത പരിശോധനയിൽ സ്വിറ്റ്സർലൻഡ് പൗരൻമാർ വിധിയെഴുതി. 58 ശതമാനം പേരാണ് നിർദേശത്തെ അനുകൂലിച്ചത്.

നിലവിൽ അഞ്ച് ആണവ നിലയങ്ങൾ സ്വിറ്റ്സർലൻഡിലുണ്ട്. രാജ്യത്തിന്‍റെ ഉൗർജ ആവശ്യങ്ങളിൽ മൂന്നിലൊന്നും നിറവേറ്റുന്നത് ഇവയിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. ഇവ കാലപ്പഴക്കം ചെന്ന സാഹചര്യത്തിൽ പുതുക്കുന്നതിനെതിരേയാണ് ജനവിധി.

ആണവോർജം പൂർണമായി ഒഴിവാക്കുന്നത് വലിയ പണച്ചെലവിനു കാരണമാകുമെന്ന് നിർദേശത്തെ എതിർക്കുന്നവർ മുന്നറിയിപ്പു നൽകുന്നു. എന്നാൽ, ചരിത്രമുഹൂർത്തമെന്നാണ് നിർദേശം ജനങ്ങൾ അംഗീകരിച്ച ഹിതപരിശോധനയെ ഗ്രീൻ പാർട്ടി വിശേഷിപ്പിച്ചത്.

പാരന്പര്യേതര ഉൗർജ ഉത്പാദനം വികസിപ്പിക്കുക, പുതിയ ആണവ നിലയങ്ങൾ പണിയാതിരിക്കുക എന്ന നിർദേശങ്ങളാണ് ജനങ്ങൾ അംഗീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം അടുത്ത വർഷം മുതൽ ആണവ നിലയങ്ങൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ