ട്രംപിന്‍റെ മാർപാപ്പാ സന്ദർശം: റോമിൽ അതീവ സുരക്ഷ
Tuesday, May 23, 2017 7:48 AM IST
വത്തിക്കാൻസിറ്റി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശനം പ്രമാണിച്ച് റോമിൽ അധിക സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. റോമിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്ളുമിസിനോയിൽ മേയ് 23നു ചൊവ്വാഴ്ച വൈകിട്ടാണ് ട്രംപ് വിമാനമിറങ്ങുക.

ഫ്രാൻസിസ് മാർപാപ്പയുമായും ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മറ്റാരെല്ലയുമായും ട്രംപിന്‍റെ കൂടിക്കാഴ്ച ബുധനാഴ്ചത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. വത്തിക്കാനിലും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും കനത്ത സുരക്ഷാ സന്നാഹങ്ങൾ തയാറായിക്കഴിഞ്ഞു.

പല റോഡുകളും പൂർണമായി അടച്ചിരിക്കുകയാണ്. ചില ട്രാം ലെയ്നുകളും ബസ് റൂട്ടുകളും വരെ നിർത്തിവച്ചു. പ്രദേശത്തെ കെട്ടിടങ്ങളുടെ മുകളിലെല്ലാം നിരീക്ഷണത്തിനു സായുധ പോലീസിനെയും നിയോഗിച്ചു. ട്രംപിന്‍റെ ഭാര്യ മെലാനി, മകൾ ഇവാങ്ക, സ്റ്റേറ്റ് സെക്രട്ടറി വെയ്ൻ ടില്ലേർസണ്‍ തുടങ്ങിയവർ ട്രംപിനൊപ്പം ഉണ്ടാവും.24 മണിക്കൂർ നേരമാണ് ട്രംപും സംഘവും ഇറ്റലിയിൽ ചെലവഴിയ്ക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ