സീറോ മലബാർ കലോത്സവം ഐപിടിഎഫ്-2017: പെയർലാൻഡ് സെന്‍റ് മേരീസ് ദേവാലയം ആതിഥേയത്വം വഹിക്കും
Friday, May 26, 2017 7:06 AM IST
പെയർലാൻഡ്(ടെക്സാസ്): ഷിക്കോഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതയിലെ ടെക്സാസ്- ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയർലാൻഡ് സെന്‍റ മേരീസ് സീറോ മലബാർ ഇടവക ആതിഥേയത്വം വഹിക്കും. സെന്‍റ് ജോസഫ് സീറോ മലബാർ(സ്റ്റാഫ്ഫോർഡ്, ടെക്സാസ്) പാരീഷ് ഹാളിൽ വച്ചു നടത്തപ്പെടുന്ന ഇന്‍റർ പാരീഷ് ടാലെന്റ്റ് ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4ന് ആരംഭിച്ചു 6നു അവസാനിക്കും.

ഓഗസ്റ്റ് നാലിനു ഉച്ചകഴിഞ്ഞ് മൂന്നിനു ഷിക്കോഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ ഉദ്ഘാടനത്തോടുകൂടി തിരിതെളിയുന്ന ഈ കലാമാമാങ്കത്തിന് ഓഗസ്റ്റ് ആറിനു വൈകിട്ട് ഏഴിന് നടത്തുന്ന ഗ്രാൻഡ് ഫിനാലയോടുകൂടി തിരശീലവീഴും.
||
പതിനെട്ടോളം ഇനങ്ങളിലായി ടെക്സാസ്-ഒക്ലഹോമ പ്രദേശങ്ങളിൽ നിന്നുമുള്ള എട്ടു ഇടവകകളിൽപ്പെട്ട അഞ്ഞൂറിൽപരം മത്സാരാർത്ഥികൾ പങ്കെടുക്കുന്ന ഇന്‍റർ പാരീഷ് ടാലെന്റ്റ് ഫെസ്റ്റ് അമേരിക്കൻ മലയാളി സമൂഹത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമത്സരങ്ങളിൽ ഒന്നാണ്. എട്ടു ഇടവകകളിൽ നിന്നും ഹ്യൂസ്റ്റണ്‍ പരിസരപ്രദേശങ്ങളിൽനിന്നുമായി അയ്യായിരത്തോളം ആളുകൾ കലാമത്സരങ്ങൾക്കു സാക്ഷ്യം വഹിക്കാനെത്തും. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ പെയർലാൻഡ് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. റൂബൻ താന്നിക്കൽ, ഐപിടിഎഫ് പോഗ്രാം കോ-ഓർഡിനേറ്റർ ജോഷി വർഗീസ്, ഇടവക ട്രസ്റ്റിമാരായ അഭിലാഷ് ഫ്രാൻസിസ്, ടോണി ഫിലിപ്പ്, ഫ്ളെമിംഗ് ജോർജ്, ജെയിംസ് തൈശേരിൽ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘാടക സമിതിക്കും രൂപം കൊടുത്തു.

പരിപാടികളുടെ മെഗാ സ്പോണ്‍സറായ പ്രമുഖ ട്രാവൽ ഏജൻസി അബാക്കസ് ട്രാവൽസിന്‍റെ സിഇഒ ഹെൻറി പോളിൽനിന്നു ചെക്ക് ഏറ്റുവാങ്ങി കൊണ്ടും വന്പിച്ച സമ്മാനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള റാഫിൾ ടിക്കറ്റ് ഐപിടിഎഫ് ഇവന്‍റ് ഡയറക്ടർ കൂടിയായ ഇടവക വികാരി ഫാ. റൂബൻ താന്നിക്കലിൽ നിന്നും കൈക്കാരൻ അഭിലാഷ് ഫ്രാൻസിസ് ഏറ്റുവാങ്ങിക്കൊണ്ടും പരിപാടികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്:www.iptf2017.com സന്ദർശിക്കുക

റിപ്പോർട്ട്: തോമസ് മാത്യു