ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്
Friday, May 26, 2017 7:09 AM IST
കലിഫോർണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചൽസ് കോടതി പുറപ്പെടുവിച്ചു. മേയ് 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി 8 മില്യണ്‍ ഡോളറിന്‍റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

2011 മുതൽ 2013 വരെ ബിക്രം ചൗധരിയുടെ ലീഗൽ അഡ്വൈസറായിരുന്ന ജാഫ നൽകിയ ലൈംഗിക പീഡന കേസിൽ 6.8 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ഒരു കൊല്ലം മുൻപു ലോസാഞ്ചൽസ് കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ഒരു പെനി പോലും ഇതുവരെ നൽകാതിരുന്നതിനാണ് പുതിയ അറസ്റ്റ് വാറന്‍റ്. ഇതിനിടെ അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട പ്രതി മെക്സിക്കോയിലേക്കോ ഇന്ത്യയിലേക്കോ കടന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബിക്രം ചൗധരി പറഞ്ഞു.

ഗുരുവിനെതിരെ സമർപ്പിച്ച നഷ്ടപരിഹാര കേസിൽ വിജയിച്ച മുൻ ലീഗൽ അഡ്വൈസർ ജാഫ് ബോഡൻ ഈ വിധി ലൈംഗീക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് ആത്മധൈര്യം വീണ്ടെടുക്കുന്നതിനും ഇത്തരം വ്യക്തികളെ സമൂഹ മധ്യത്തിൽ തുറന്നു കാണിക്കുന്നതിനും ഇടയാകുമെന്നാണ് അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ