ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
Friday, May 26, 2017 7:11 AM IST
ഡാളസ്: ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങൾക്ക് മേയ് 25 മുതൽ തുടക്കമായി. ക്ഷേത്രതന്ത്രിയും മുൻ ഗുരുവായൂർ മേൽശാന്തിയുമായ കരിയന്നൂർ ദിവാകരൻ നന്പൂതിരി പൂജാദികർമ്മങ്ങൾക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച വൈകിട്ട് ഗുരുവായൂരപ്പന്‍റെ ഉത്സവ മൂർത്തിയെ എഴുന്നള്ളിച്ചു നടത്തുന്നു ഘോഷയാത്രയിൽ, താലപ്പൊലിയേന്തിയ അനേകം ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോർഡ് ചെയർമാൻ കേശവൻ നായർ അറിയിച്ചു. വാർഷികത്തോടനുബന്ധിച്ചു വീടുകളിൽ സന്ദർശിച്ചു നടത്തിയ പറയെടുപ്പിൽ വിതരണം ചെയ്ത താലം, പുഷ്പാലങ്കാരങ്ങളൊരുക്കി ഘോഷയാത്രക്ക് തയ്യാറാക്കി കൊണ്ടുവരുന്നതായിരിക്കും.

ഉത്സവത്തിനായി നാട്ടിൽ നിന്നും എത്തിച്ചേർന്ന പല്ലാവൂർ ശ്രീകുമാറും, പല്ലാവൂർ ശ്രീധരനും വാദ്യമേളത്തിന് മികവേറും. ശനിയാഴ്ച രണ്ടിന് ശങ്കരൻ നന്പൂതിരിയുടെ ഭക്തിഗാനാ മൃതവും, ഞായറാഴ്ച നാലിന് സന്താന ഗോപാലം കഥകളിയും അരങ്ങേറുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായർ അറിയിച്ചു. അനേകം പൂജകളും, ഹോമങ്ങളും നടത്തപെടുന്നതിനോടൊപ്പം ഈ വർഷത്തെ പ്രത്യേക അഭിഷേകമായ കളഭാഭിഷേകം, ഞായറാഴ്ച ഉച്ചക്ക് നിർവഹിക്കുവാൻ, ക്ഷേത്ര പൂജാരിമാരായ വിനയൻ നീലമനയും, ഇരിഞ്ഞാടപ്പള്ളി പദ്മനാഭനും സഹായിക്കുന്നതായിരിക്കും.

റിപ്പോർട്ട്: സന്തോഷ് പിള്ള