മാർപാപ്പയ്ക്ക് ട്രംപിന്‍റെ സമാധാന വാഗ്ദാനം
Friday, May 26, 2017 7:52 AM IST
വത്തിക്കാൻസിറ്റി: അമേരിക്കൻ പ്രസിഡന്‍റ് എന്ന പദവി ഉപയോഗിച്ച് ലോകസമാധാനം ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഡോണൾഡ് ട്രംപ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉറപ്പു നൽകി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നു എന്നും ട്രംപ് പിന്നീട് പ്രതികരിച്ചു.

സൗദി, ഇസ്രായേൽ രാജ്യങ്ങളിലെ പര്യടനത്തിനുശേഷമാണ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മാർപാപ്പയുടെ വസതിയിലെ ലൈബ്രറിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പത്നി മെലാനിയ, മകൾ ഇവാൻക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. വത്തിക്കാൻ സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. സംഭാഷണത്തിനുശേഷം ട്രംപും കുടുംബവും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയും സിസ്റ്റൈൻ ചാപ്പലും സന്ദർശിച്ചു. പോപ്പിെൻറ വാസസ്ഥലമായ അപോസ്തോലിക കൊട്ടാരത്തിലെ ചാപ്പലുകളിൽ ഒന്നാണ് സിസ്റ്റൈൻ ചാപ്പൽ.

കുടിയേറ്റം, ആഗോളതാപനം തുടങ്ങി നിരവധി വിഷയങ്ങളിലെ അഭിപ്രായഭിന്നതയ്ക്കുശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമായി. യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മെക്സിക്കൻ അതിർത്തിയിൽ വൻമതിൽ പണിയുമെന്ന ട്രംപിെൻറ പ്രഖ്യാപനത്തെ കടുത്ത ഭാഷയിലായിരുന്നു മാർപാപ്പ വിമർശിച്ചത്. മനുഷ്യരെ തമ്മിൽ വേർതിരിക്കാൻ മതിലുകൾ പണിയുന്നവൻ ക്രിസ്തുമത വിശ്വാസിയല്ലെന്നായിരുന്നു പാപ്പയുടെ വിമർശനം. തെൻറ വിശ്വാസത്തെയാണ് പോപ് ചോദ്യംചെയ്തതെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ, മുൻവൈരാഗ്യങ്ങൾ മറന്നാണ് ഇരുവരും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത്. ഇരുവരുടെയും സ്വകാര്യ സംഭാഷണം 30 മിനിറ്റോളം നീണ്ടു പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷിതത്വവും ചർച്ചാവിഷയമായി. ക്രിയാത്മക ചർച്ചയായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ