ജി 7 ൽ അന്പരപ്പ് ; നേതാക്കളുമായി യോജിക്കാതെ ട്രംപ്
Saturday, May 27, 2017 8:35 AM IST
ടോർമിന (ഇറ്റലി): സ്വതന്ത്രവ്യാപാരം, കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിൽ ജി 7 രാഷ്ട്രത്തലവ·ാരുമായി യോജിച്ചുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടോർമിനയിലെ സിസിലിയിൽ നടക്കുന്ന സമ്മേളനത്തിൽ ട്രംപ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെൻറിലോണിയും ആദ്യമായാണ് പങ്കെടുക്കുന്നത്.

വ്യാഴാഴ്ച നാറ്റോ രാഷ്ട്രത്തലവ·ാരുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നാറ്റോയ്ക്ക് നൽകുന്ന വിഹിതത്തിന്‍റെ കാര്യത്തിൽ മെല്ലേപ്പോക്ക് നയമാണ് തുടരുന്നതെന്ന് പരസ്യമായി ആരോപിച്ചു. ജർമനി ഇക്കാര്യത്തിൽ ഏറെ പിറകിലാണെന്ന് ചാൻസലർ ആംഗല മെർക്കലിനോട് തുറന്നുപറയാനും ട്രംപ് മടിച്ചില്ല.

സ്വതന്ത്രവ്യാപാരത്തിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചപ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്കനുസരിച്ചുള്ള വ്യാപാരത്തിന് പിന്തുണകൊടുക്കാൻ സമ്മർദം ചെലുത്തുകയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ ഏറ്റെടുക്കുന്ന വിഷയം ചർച്ചയ്ക്ക് വന്നപ്പോഴും ട്രംപ് താൽപര്യം കാണിച്ചില്ല.

കൂടുതൽ അഭയാർഥികളെ സ്വീകരിക്കുമെന്ന് ഇറ്റലി പ്രഖ്യാപിച്ചപ്പോൾ ജർമനി പിന്തുണ നൽകി. ആഫ്രിക്കൻ രാജ്യങ്ങളെ സാന്പത്തികമായി സഹായിക്കാൻ ഒരുക്കമാണെന്നും ജെൻറിലോണി വ്യക്തമാക്കി. യുഎസിന്‍റെ വിദേശസഹായ ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് വൈറ്റ്ഹൗസ് ഒരാഴ്ച മുന്പാണ് പ്രഖ്യാപിച്ചത്. അഭയാർഥികളെ ഏറ്റെടുക്കാൻ തയാറല്ലെന്നും അവർ വ്യക്തമാക്കുകയുണ്ടായി.

അഭയാർഥി വിഷയത്തിൽ മെർക്കലിനെ പിന്തുണക്കുന്ന ജെൻറിലോണി അഭയാർഥി പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങൾ കൂടുതൽ പേരെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങൾക്കിടെ ജി 7 രാജ്യങ്ങൾ ഏറ്റവും കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിതെന്ന് ഇയു കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക് അഭിപ്രായപ്പെട്ടു. അഭയാർഥി പ്രതിസന്ധിയിൽ ട്രംപ് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

എന്നാൽ സമ്മേളനത്തിൽ കാലാവസ്ഥയുൾപ്പടെയുള്ള വിഷയത്തിൽ ചർച്ച വന്നപ്പോൾ ട്രംപ് ഒറ്റപ്പെടുകയായിരുന്നു. ഒരുതരത്തിൽ ഒരു ബോയ്ക്കോട്ട് ഒഴിവാക്കാതെ സമ്മേളനത്തിൽ വെറുതെ ഇരുന്നതായിട്ടാണ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസെും സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. ഏകാഭിപ്രായം ഇല്ലാതെപോയതുകൊണ്ട് കാലാവസ്ഥാ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാനും കഴിഞ്ഞില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ