വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി നിശ ജൂണ്‍ മൂന്നിന്
Sunday, May 28, 2017 2:35 AM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റിന്‍റെ ജീവകാരുണ്യ നിശ ജൂണ്‍ മൂന്നിനു വിയന്നയിൽ നടക്കും. ട്രസ്റ്റിന്‍റെ മൂന്നാമത്തെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.

ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴയിലെ ഒരു നിർധന കുടുംബത്തിനാണ് ഭവനം നിർമിച്ച് നൽകുന്നത്. ഒറ്റമുറി വീട്ടിൽ കഴിയുന്ന അമ്മയും മൂന്നു മക്കളുമടങ്ങുന്ന നിർധന കുടുംബത്തിനാണ് തലചായ്ക്കുവാൻ ഒരു വീട് എന്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

മുൻ വർഷങ്ങളിലേപ്പോലെ ശക്തമായ പിന്തുണ നൽകിയ മലയാളി സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും , വിയന്നയിലെ ആങ്കോണ്‍ ഫ്ലാറ്റ്സിലെ പാരിഷ് ഹാളിൽ നടക്കുന്ന ചാരിറ്റി ഈവന്‍റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും മാത്യൂസ് കിഴക്കേക്കര, സോണി ചേന്നുങ്കര, സുനീഷ് മുണ്ടിയാനിക്കൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ