യൂറോപ്പുമായി കൈകോർക്കാൻ മോദി ജർമനിയിലെത്തുന്നു
Monday, May 29, 2017 8:05 AM IST
ബർലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയൂടെ യൂറോപ്യൻ സന്ദർശനം മേയ് 30ന് ജർമനയിൽ തുടങ്ങും. ജർമൻ പ്രസിഡന്‍റ് വാൾട്ടർ സ്റ്റെയിൻമയർ, ചാൻസലർ ആംഗല മെർക്കൽ, മന്ത്രിസഭാംഗങ്ങൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ മുൻകാലങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ച സാങ്കേതികവിദ്യ, ഉൗർജം, വിനോദസഞ്ചാരം, പശ്ചാത്തലവികസനം, കാലാവസ്ഥാമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തി ജർമനിയുമായി കരാറുണ്ടാക്കിയേക്കും. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സാന്പത്തിക സഹകരണ ഉറപ്പും മോദി യൂറോപ്യൻ യൂണിയനിൽ നിന്നും പ്രതീക്ഷി്ക്കുന്നുണ്ട്. പ്രധാനമന്ത്രിയായതിനു ശേഷം ഇത് മൂന്നാംതവണയാണ് മോദി ജർമനിയിൽ എത്തുന്നത്.

ആറു ദിവസം നീണ്ടുനിൽക്കുന്ന യൂറോപ്യൻ സന്ദർശനത്തിൽ ജർമനിക്കു പുറമെ സ്പെയിൻ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി മോദി സന്ദർശിക്കുന്നത്.

സ്പെയിനിൽ എത്തുന്ന മോദി, രാജാവ് ഫെലിപ്പ് ആറാമൻ, പ്രധാനമന്ത്രി മരിയാനോ രജോയ് എന്നിവരുമായി കൂടിക്കാണും. പാരന്പര്യേതര ഉൗർജം, ഹൈസ്പീഡ് റെയിൽ, തുരങ്ക നിർമാണം, ഭീകരവിരുദ്ധ പ്രവർത്തന സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും.

31 ന് റഷ്യയിലെത്തുന്ന മോദി ജൂണ്‍ രണ്ടു വരെ റഷ്യയിലുണ്ടാവും. പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാണുന്ന നടത്തുന്ന മോദി, വ്യാപാര നിക്ഷേപ മേഖലകളിൽ റഷ്യയുടെ സഹകരണം തേടും. 18 ാം റഷ്യ-ഇന്ത്യ ഉച്ചകോടിയിലും, സെന്‍റ് പീറ്റേഴ്സ് ഇന്‍റർനാഷണൽ ഇക്കണോമിക് ഫോറത്തിന്‍റെ സമ്മേളനത്തിലും പങ്കെടുക്കും.

ജൂണ്‍ 2 ന് ഫ്രാൻസിലെത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തും. സാന്പത്തിക വ്യാപാരബന്ധം, പ്രതിരോധ രംഗത്തെ സഹകരണം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

യൂറോപ്യൻ യൂണിയൻ മുന്പ് നടപ്പിലാക്കിയ ബ്ളൂകാർഡ് സംവിധാനത്തിന്‍റെ പുതിയ വശങ്ങൾ ആരാഞ്ഞുള്ള ചർച്ചകളും മോദി സന്ദർശനത്തിൽ വിഷയമാക്കുന്നുണ്ട്. ജർമനി അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളും ബ്ളൂകാർഡ് സംവിധാനം നടപ്പിലാക്കിയ സ്ഥിതിക്ക് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ഐടി പോലുള്ള മേഖലയിലെ വിദഗ്ധർക്ക് ഇയുവിൽ ജോലി സാധ്യതകൾ ഉണ്ടാക്കണമെന്ന് അഭ്യർഥിച്ചേക്കും. ബ്രെക്സിറ്റ് വന്നതോടെ ബ്രിട്ടനും അയർലൻഡും ഡെൻമാർക്കും ബ്ളൂകാർഡ് സംവിധാനത്തിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ