യുകെയും യുഎസും ഇപ്പോൾ യൂറോപ്പിന്‍റെ വിശ്വസ്തരല്ല: മെർക്കൽ
Monday, May 29, 2017 8:05 AM IST
ബർലിൻ: യുകെയും യുഎസും ഇപ്പോൾ യൂറോപ്യൻ യൂണിയന്‍റെ വിശ്വസ്ത പങ്കാളികളല്ലെന്നും നമ്മൾ സ്വന്തം ഭാവിയുടെ കാര്യം സ്വയം തീരുമാനിക്കണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. നാറ്റോ, ജി 7 ഉച്ചകോടികൾക്കു ശേഷം മ്യൂണിക്കിൽ സിഡിയു പാർട്ടി നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു മെർക്കൽ. അമേരിക്കയുമായും ബ്രിട്ടനുമായും നല്ല ബന്ധം തുടരാൻ ശ്രമിക്കും. എന്നാൽ, നമ്മുടെ വിധി നമ്മൾ തന്നെ നിർണയിക്കണം- മെർക്കൽ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഉൗഷ്മള ബന്ധം നിലനിർത്തുന്നതിന് ജർമനി പ്രത്യേക പ്രാധാന്യം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രെക്സിറ്റ് തീരുമാനത്തോടെ ബ്രിട്ടനും ഡോണൾഡ് ട്രംപ് പ്രസിഡന്‍റായതോടെ അമേരിക്കയും എത്രമാത്രം മാറിയിരിക്കുന്നു എന്ന് ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾകൊണ്ട് താൻ വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അവർ പറഞ്ഞു. ട്രംപിന്‍റെ യറോപ്യൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് മെർക്കലിന്‍റെ ഈ പ്രസ്താവനയെന്നും വ്യക്തമാണ്.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പാരീസ് ഉച്ചകോടിയുടെ തീരുമാനങ്ങളുടെ കാര്യത്തിൽ യുഎസുമായി ഒരുതരത്തിലുമുള്ള സമവായത്തിലെത്താൻ ജി7 ഉച്ചകോടിക്കു സാധിച്ചിരുന്നില്ല. കുടിയേറ്റം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിലും യുഎസ് യൂറോപ്പിനെതിരായ നിലപാട് തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മെർക്കലിന്‍റെ പ്രസ്താവന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ