ശ്രീനാഥ് മൈസൂരു അംബാസഡർ
Tuesday, June 6, 2017 1:12 AM IST
മൈസൂരു: ശുചിത്വനഗരിയെന്ന ബഹുമതി തിരികെപ്പിടിക്കാൻ ഉൗർജിത നടപടികളുമായി മൈസൂരു. നഗരത്തിലെ സ്വച്ഛ് ഭാരത് പ്രചാരണപ്രവൃത്തികൾ കാര്യക്ഷമമായി നടത്തുന്നതിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐസിസി മാച്ച് റഫറിയുമായ ജവാഗൽ ശ്രീനാഥിനെ മൈസൂരു ബ്രാൻഡ് അംബാസഡറായി നിയമിക്കാൻ കോർപറേഷൻ തീരുമാനിച്ചു. കുവേംപുനഗറിലെ വസതിയിലെത്തി ശ്രീനാഥിനെ സന്ദർശിച്ച കോർപറേഷൻ കമ്മീഷണർ ജി. ജഗദീഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു. മൈസൂരു സ്വദേശി കൂടിയായ ശ്രീനാഥ് അംബാസഡറാകാൻ യോഗ്യനാണെന്നും മേയർക്കും കോർപറേറ്റർമാർക്കുമൊപ്പം അദ്ദേഹത്തെ ഒൗദ്യോഗികമായി ക്ഷണിക്കുമെന്നും ജഗദീഷ പറഞ്ഞു.

രാജ്യത്തെ വിവിധ നഗരങ്ങളിലായി നടത്തിയ സ്വച്ഛ് സർവേക്ഷണ്‍ സർവേയിൽ മൈസൂരുവിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഇതേത്തുടർന്നാണ് മൈസൂരു സ്വദേശി തന്നെയായ ശ്രീനാഥിനെ അംബാസഡറാക്കാൻ തീരുമാനിച്ചത്. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ മൈസൂരുവിൻറെ മറ്റൊരു അംബാസഡറാണ്.