ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷവുമായി മാക്രോണ്‍
Monday, June 19, 2017 7:06 AM IST
പാരീസ്: ഫ്രഞ്ച് പാർലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ എൻ മാർഷെ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം. 577 സീറ്റുള്ള പാർലമെന്‍റിൽ, അവസാന വട്ടം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മാക്രോണിന്‍റെ പാർട്ടി മുന്നൂറ്റിന്പത്തിയൊന്ന് സീറ്റ് നേടി.

എന്നാൽ, അഭിപ്രായ വോട്ടെടുപ്പുകളിൽ 470 സീറ്റുവരെ പ്രവചിക്കപ്പെട്ട അത്ര ഭൂരിപക്ഷം നേടാൻ പാർട്ടിക്കു സാധിച്ചില്ല. പോളിംഗ് ശതമാനം 2012 ലേതിനെക്കാൾ കുറവുമായിരുന്നു. 42 ശതമാനം പേർ മാത്രമാണ് ഇന്നലെ നടന്ന രണ്ടാംഘട്ടം പോളിംഗിൽ വോട്ട് രേഖപ്പെടുത്തിയത്.

ഒരു വർഷം മുൻപ് മാത്രം രൂപീകരിക്കപ്പെട്ട പാർട്ടിയുടെ(Republique en Marche/Republic on the Move, REM) സ്ഥാനാർഥികളിൽ പകുതിയോളം പേർ യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്തവരാണ്. മുഖ്യധാരാ പാർട്ടികളെല്ലാം കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കേവല ഭൂരിപക്ഷം തന്നെ മാക്രോണിന് പാർലമെന്‍റിൽ വ്യക്തമായ ആധിപത്യം നൽകുമെന്നുറപ്പാണ്.

289 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. കണ്‍സർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടിക്കും സഖ്യകക്ഷികൾക്കും കൂടി 130 സീറ്റ് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ പാർലമെന്‍റിൽ ഇത് 200 ആയിരുന്നു. കഴിഞ്ഞ ടേമിൽ ഭരണം നടത്തിയ സോഷ്യലിസ്റ്റുകൾ 50 സീറ്റിനു താഴേക്ക് ചുരുങ്ങി. അവരുടെ എക്കാലത്തെയും മോശം പ്രകടനമാണിത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുപ്പത്തിയൊൻപതുകാരനായ മാക്രോണിന്‍റെ മുഖ്യ എതിരാളിയായിരുന്ന മരിൻ ലെ പെന്നിന്‍റെ തീവ്ര വലതുപക്ഷ നാഷണൽ ഫ്രന്‍റിനു നേടാനായത് വെറും എട്ട് സീറ്റ്. അവർ പ്രതീക്ഷിച്ചിരുന്നതോ, പതിനഞ്ചു മാത്രവും. മാക്രോണിന് പാർലമെന്‍റിൽ വലിയ ഭൂരപക്ഷമുണ്ടെന്നു വച്ച്, അദ്ദേഹത്തിന്‍റെ ആശയത്തെ ഫ്രഞ്ച് ജനതയിൽ ഭൂരിപക്ഷം പിന്തുണയ്ക്കുന്നു എന്നർഥമില്ലെന്ന് ലെ പെന്നിന്‍റെ പ്രതികരണം.

കഴിഞ്ഞ 16 മാസം മുന്പ് ഫ്രഞ്ച് രാഷ്ട്രീയ ഭൂപടത്തിൽ ആദ്യമായി സ്ഥാനം പിടിച്ച മാക്രോണിന്‍റെ കുതിപ്പും പ്രസിഡന്‍റ് പദത്തിലേറി അധികാരം കൈയ്യാളലും ഒക്കെ വളരെ പെട്ടെന്നും പ്രവചനാതീതവുമായിരുന്നു. ബിസിനസ് സൗഹൃദ പരിഷ്കരണ പദ്ധതിയും പരിപാടികളുമായി ഫ്രഞ്ച് ജനതുടെ ഹൃദയം കവർന്ന മാക്രോണ്‍ ഇപ്പോൾ ഫ്രഞ്ചുകാരുടെ അഭിനവ നെപ്പോളിയനാണ്. മാക്രോണിന്‍റെ തിളക്കമാർന്ന വിജയത്തെ ജർമൻ ചാൻസലർ അംഗലാ മെർക്കലും യൂറോപ്യൻ യൂണിയൻ നേതാക്കളും അകമഴിഞ്ഞ് അഭിനന്ദിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ