ഹെൽമുട്ട് കോളിനെ അപമാനിച്ച ജർമൻ പത്രം മാപ്പു പറഞ്ഞു
Tuesday, June 20, 2017 8:00 AM IST
ബർലിൻ: ജർമനിയുടെ മുൻ ചാൻസലർ ഹെൽമുട്ട് കോൾ അന്തരിച്ചപ്പോൾ അവഹളേനപരമായി വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ചീഫ് എഡിറ്റർ മാപ്പു പറഞ്ഞു. ജർമനിയിലെ ഇടതു ചായ്വുള്ള പത്രമായ ടാഗസ് സൈറ്റ്യൂംഗ് വാർത്ത റിപ്പോർട്ട് ചെയ്തത് വൻ വിവാദമായ പശ്ചാത്തലത്തിലാണിത്.

റീത്തുകളാൽ മൂടിയ കോളിെൻറ മൃതദേഹ ചിത്രത്തിനൊപ്പം ’വർണാഭമായ ഭൂമി’ എന്നായിരുന്നു വാർത്തയുടെ തലവാചകം. കിഴക്കൻ ജർമനിയെ വൻ പുരോഗതിയിലേക്ക് നയിക്കുമെന്ന കോളിെൻറ സാക്ഷാത്കരിക്കാത്ത വാഗ്ദാനത്തെ പരോക്ഷമായി സൂചിപ്പിക്കുന്ന വിധമായിരുന്നു പത്രം നിര്യാണവാർത്ത അവതരിപ്പിച്ചത്.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചീഫ് എഡിറ്റർ ജോർജ് ല്യൂവിഷ് പത്രത്തിന്‍റെ വെബ്സൈറ്റിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചു. സമുന്നതരായ നേതാക്കൾ മരിക്കുന്പോൾ ഒട്ടും വിമർശിക്കാതെ അവരെ മഹത്ത്വവത്കരിക്കുന്നതിനെതിരായ പ്രതികരണമായിരുന്നു പത്രത്തിന്‍റെ തലക്കെട്ടെന്നും നന്നായി പെരുമാറുന്നതിനേക്കാൾ ചില അവസരങ്ങളിൽ ധീരതയും സ്വാതന്ത്ര്യബോധവുമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും ല്യൂവിഷ് വെബ്സൈറ്റിൽ കുറിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും അതിന് ’മാപ്പ്’ എന്നും അദ്ദേഹം തുടർന്നു. വെള്ളിയാഴ്ചയാണ് കോൾ പടിഞ്ഞാറൻ ജർമനിയിലെ സ്വവസതിയിൽ അന്തരിച്ചത്.

ശനിയാഴ്ച പുറത്തിറങ്ങിയ പത്രത്തിലായിരുന്നു വിവാദ വാർത്താ അവതരണം. പത്രത്തിെൻറ നടപടി അപകീർത്തികരവും ചെയ്യാൻ പാടില്ലാത്തതും ഇടുങ്ങിയ മനസ്സിെൻറ പ്രതിഫലനവുമാണെന്ന് ഹെൽമുട്ട് കോളിെൻറ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് വക്താവ് മാർക്കൊ വാൻഡർ വിറ്റ്സ് വിശേഷിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ