നമ്മ മെട്രോ രണ്ടാംഘട്ടത്തിന് വെട്ടിമാറ്റേണ്ടിവരുന്നത് അഞ്ഞൂറിലേറെ മരങ്ങൾ
Thursday, June 22, 2017 1:39 AM IST
ബംഗളൂരു: ഉരുക്കുമേൽപ്പാലത്തിനായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരേ സംസ്ഥാനത്തുയർന്ന പ്രക്ഷോഭത്തിന്‍റെ അലയൊലികൾ അവസാനിക്കുന്നതേയുള്ളൂ. പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തിന്‍റെ സ്വപ്നപദ്ധതിയായ നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിനായി അഞ്ഞൂറിലേറെ മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഗൊട്ടിഗരെ നാഗവാര പാതയുടെയും കൊത്തന്നൂരിലെ ഡിപ്പോയുടെയും നിർമാണത്തിനാണ് പ്രധാനമായും മരങ്ങൾ വെട്ടിമാറ്റേണ്ടിവരുന്നത്. നാനൂറോളം മരങ്ങൾ ഭാഗികമായും വെട്ടേണ്ടിവരുമെന്ന് പാരിസ്ഥിതികാഘാത റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ഘട്ടത്തിലെ 21.25 കിലോമീറ്റർ ദൈർഘ്യമുള്ള വടക്കുപടിഞ്ഞാറ് ഇടനാഴി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പാതയായതിനാൽ മരങ്ങൾ മുറിക്കാതെ മറ്റു മാർഗങ്ങളില്ല. എന്നാൽ വൻതോതിൽ മരങ്ങൾ മുറിക്കുന്നത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കും.

ഈ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ തേടുകയാണ് അധികൃതർ. ഇരുന്നൂറോളം മരങ്ങൾ വേരോടെ പിഴുതെടുത്ത് മാറ്റി നടാനുള്ള പദ്ധതി തയാറാക്കുന്നുണ്ട്. കൂടാതെ, മരങ്ങൾ വെട്ടിമാറ്റുന്നതിനു പകരമായി 2,000 പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിരേഖയും ബിഎംആർസിഎൽ തയാറാക്കുന്നുണ്ട്. 22 ലക്ഷം രൂപ ഇതിനായി മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്.