പ്രോസി എക്സലൻസ് അവാർഡ് ബോക്സിംഗ് ചാന്പ്യനായ ബിക്കോ ബോട്ടോവാമുങ്ങുയ്ക്ക്
Friday, June 23, 2017 8:09 AM IST
വിയന്ന: പതിനേഴാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രവർത്തന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്ക് പ്രോസി ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷൻ നൽകി വരുന്ന എക്സലൻസ് അവാർഡ് ഓസ്ട്രിയയിലെ പ്രമുഖ ബോക്സറും, ഡാൻസിംഗ് സ്റ്റാറുമായ ബിക്കോ ബോട്ടോവാമുങ്ങുയ്ക്ക്് ലഭിക്കും.

1957ൽ കോങ്കോയിൽ ജനിച്ച ബിക്കോ ഗുസ്തിയിലും, ബോക്സിങ്ങിലും തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചതോടൊപ്പം നൃത്ത മേഖലയിലും നേട്ടങ്ങൾ കൊയ്ത വ്യക്തിയാണ്. 1976ലെ ഒളിന്പിക് സമ്മർ ഗെയിംസിൽ യോഗ്യത നേടിയ അദ്ദേഹം 1988 മുതൽ ഒളിന്പിക് സമ്മർ ഗെയിംസിൽ ഓസ്ട്രിയയ്ക്ക് വേണ്ടി ബോക്സറായി മത്സരിച്ചു.

1983ൽ അദ്ദേഹം ഓസ്ട്രിയയിലെ ബോക്സിംഗ് ചാന്പ്യനായി. തുടർന്ന് വന്ന ആറുവർഷങ്ങളിലും അദ്ദേഹം തന്നെയായിരുന്നു വിജയി. എട്ടു തവണ ദേശീയപട്ടം നേടിയ ബിക്കോ രാജ്യത്തെ നാലാമത്തെ സൂപ്പർ ബോക്സിംഗ് താരമാണ്. വിയന്നയിൽ യുണൈറ്റഡ് നേഷൻസനിൽ 16 വർഷം ഓഫിസറായി ജോലി ചെയ്ത അദ്ദേഹം ഇപ്പോൾ ബാപ്റ്റിസ്റ്റ് സഭയുടെ പ്രഘോഷകനായും പ്രവർത്തിക്കുന്നു.

ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പർ മാർക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17ാമത് എക്സോട്ടിക് ഫെസ്റ്റിവൽ ജൂണ്‍ 23, 24 തിയതികളിൽ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാൻഡൽഗാസെയിലാണ് നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ രാവിലെ 11ന് ആരംഭിച്ച് രാത്രി 10നു അവസാനിക്കും.

റിപ്പോർട്ട്: ജോബി ആന്‍റണി