യൂറോപ്യൻ പൗരൻമാർക്ക് സെറ്റിൽഡ് പദവി നൽകാം: തെരേസ
Friday, June 23, 2017 8:13 AM IST
ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം നിയമപരമായി ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് സെറ്റിൽഡ് പദവി നൽകാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഇവർക്ക് ബ്രിട്ടീഷ് പൗരൻമാരുടെ അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി.

യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്കുമായി നടത്തിയ ചർച്ചയിലാണ് വാഗ്ദാനം. അഞ്ചുവർഷം യുകെയിൽ താമസിക്കുന്ന യൂറോപ്യൻ പൗരൻമാർക്കാണ് സെറ്റിൽഡ് സ്റ്റാറ്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ എല്ലാ സർക്കാർ ആനുകൂല്യങ്ങളും ഇവർക്കും ലഭ്യമാക്കുമെന്നും തെരേസ.

ബ്രെക്സിറ്റ് ചർച്ചകളിൽ യൂറോപ്യൻ പൗരൻമാരുടെ അവകാശങ്ങൾക്ക് മുന്തിയ പരിഗണന തന്നെ നൽകുമെന്നും തെരേസ വ്യക്തമാക്കി. നിലവിൽ ബ്രിട്ടനിൽ കഴിയുന്ന യൂറോപ്യൻ പൗരൻമാർക്കും, വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻമാർക്കും നിലവിലുള്ള അവകാശങ്ങൾ തന്നെ ബ്രെക്സിറ്റിനു ശേഷവും തുടരണമെന്നാണ് ടസ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

3.2 മില്യൻ യൂറോപ്യൻ പൗരൻമാർ ഇപ്പോൾ ബ്രിട്ടനിൽ താമസിക്കുന്നു. 1.2 മില്യൻ ബ്രിട്ടീഷുകാരാണ് വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ