ബോറിസ് ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചു
Friday, June 23, 2017 8:16 AM IST
ലണ്ടൻ: ജർമൻ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറെ ലണ്ടൻ കോടതി പാപ്പരായി പ്രഖ്യാപിച്ചു. രണ്ടു വർഷമായി വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ലണ്ടനിലെ ഒരു സ്വകാര്യ ബാങ്ക് (Privatbank Arbuthnot Latham & Co) നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബെക്കറുടെ ആരാധികയായ ക്രിസ്റ്റീൻ ഡെറെറ്റ് എന്നയാളാണ് ഇപ്പോൾ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജി എന്നത് യാദൃച്ഛികം. വിധിയിൽ ഖേദമെന്നു പിന്നീട് പറഞ്ഞെങ്കിലും, കോടതിയിൽ ശക്തമായ നിലപാട് തന്നെയാണ് ബെക്കർക്കെതിരേ ജഡ്ജി സ്വീകരിച്ചത്. ലണ്ടനിലെ ജോണ്‍ ബ്രിഗ്സ് എന്ന പ്രശസ്തനായ വക്കീലാണ് ബെക്കറിനുവേണ്ടി കോടതിയിൽ ഹാജരായത്. മൂന്നര മില്യൻ യൂറോയാണ് ബെക്കർ ഈ ബാങ്കിന് കുടിശികയിനത്തിൽ നൽകേണ്ടത്. എന്നാൽ ദിനംപ്രതി 767 യൂറോ കൂടിക്കൊണ്ടേയിരിക്കും.

പതിനേഴാം വയസിൽ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയ ബെക്കറുടെ തകർച്ചയും അത്രവേഗത്തിലായിരുന്നു. ആറു ഗ്രാൻഡ്സ്ലാമുകൾ അടക്കം 49 കിരീടങ്ങൾ സ്വന്തമാക്കുകയും മില്യൻ കണക്കിന് പണം സന്പാദിക്കുകയും ചെയ്തിട്ടും ആഡംബര ജീവിതത്തിലൂടെ വൻ കടക്കെണിയിലേക്കു വീഴുകയായിരുന്നു ബെക്കർ. ഓരോ കീരീടങ്ങളും സർവകാല റെക്കോഡോടെ സ്വന്തം കൈകളിൽ ഉയർത്തിയ അസാധാരണ പാടവമുള്ള ടെന്നീസ് രാജകുമാരൻ, പിന്നെ ചക്രവർത്തി അങ്ങനെ എന്തു വിശേഷണങ്ങൾ നൽകിയാലും തികയാത്ത ബെക്കറിന്‍റെ കഴിഞ്ഞകാല ജീവിതംതന്നെ ഒരു കുത്തഴിഞ്ഞ പുസ്തകമായിരുന്നു. സ്ത്രീ വിഷയത്തിൽ അതീവ തൽപ്പരനായ ബെക്കറിന്‍റെ സന്പാദ്യങ്ങൾ ആ വഴിയ്ക്കു പോയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.

2013 മുതൽ 2016 വരെ സെർബിയൻ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന്‍റെ പരിശീലകനായി ഒരുതരത്തിൽ തിളങ്ങിയെങ്കിലും ഇവർ തമ്മിലുള്ള ബന്ധം അധികനാൾ തുടർന്നില്ല. പരിശീലക സ്ഥാനത്തുനിന്നും ജോക്കോവിച്ച് ബെക്കറെ നീക്കുകയായിരുന്നു. 2014 ൽ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ജോക്കോവിച്ചിന്‍റെയും ബോറിസിന്‍റെയും പേരുകൾ കൂട്ടിച്ചേർത്ത് ന്ധദോക്കർന്ധ „ഉഷീസലൃന്ധ എന്ന് ടെന്നീസ് ലോകം വാഴ്ത്തിയതും ആരും മറന്നിട്ടുണ്ടാവില്ല.
||
2011 ൽ ആദ്യ ഭാര്യയായ ബാർബറയുമായി വിവാഹബന്ധം വഴി പിരിയുന്പോൾ ഫ്ളോറിഡയിലെ വീടുൾപ്പടെ 15 മില്യൻ യൂറോയാണ് ബെക്കറിനു കൈവിട്ടുപോയത്. ഇതിനിടെ ടെന്നീസ് സ്പോർട്ട് ഉൽപ്പന്നങ്ങൾ നിർമ്മിയ്ക്കുന്ന വോൾക്കി കന്പനി ഉണ്ടാക്കിയെടുത്തെങ്കിലും ക്ളച്ച് പിടിയ്ക്കാതെ പോയി. കൂടാതെ മെഴ്സിഡസ് ബെൻസിന്‍റെ അംഗീകൃത ഡീലറായി ബസിനസ് തുടങ്ങിയതും ഒടുവിൽ കുത്തുപാളയെടുത്തു.

ആർബത്നോട്ട് ലാഥം ആൻഡ് കോ ബാങ്കാണ് ബെക്കർക്കെതിരേ ഹർജി നൽകിയിരുന്നത്. വിചാരണയ്ക്ക് അദ്ദേഹം ഹാജരായതുമില്ല. വൻ കട ബാധ്യത തിരിച്ചടയ്ക്കാൻ സമീപ ഭാവിയിലൊന്നും ബെക്കർക്കു സാധിക്കുമെന്ന് കരുതാനാവില്ലെന്നു കണ്ടാണ് പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴര മില്യൻ വിലയുള്ള മയോർക്കയിലെ വില്ല വിറ്റ് ആറു മില്യൻ യൂറോ തിരിച്ചടയ്ക്കാമെന്ന അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

പതിനേഴാം വയസിൽ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയ ബെക്കറിനിപ്പോൾ 49 വയസുണ്ട്. ആറുതവണ ഗ്രാൻഡ് സ്ളാം കരസ്ഥമാക്കിയ ബോറീസ് 1999 ജൂണ്‍ 25 നാണ് കരിയറിൽ നിന്നും പടിയിറങ്ങിയത്. 1967 നവംബർ 22 ന് ജർമനിയിലെ ലൈമനിലാണ് ബോറീസിന്‍റെ ജനനം. ആദ്യ ഭാര്യ ബാർബറയിൽ രണ്ടു കുട്ടികളുണ്ട്. നോവ (23), ഏലിയാസ് (17). ഇപ്പോഴത്തെ ഭാര്യയായ ലില്ലിയിൽ അമെഡയൂസ് എന്ന ഒരു പുത്രനുമുണ്ട്. അംഗലാ എർമക്കോവ എന്ന സ്ത്രീയിൽ 17 വയസുള്ള അന്ന എന്ന പെണ്‍കുട്ടിയും ബെക്കറുടെ മകളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ