ജർമനി യൂറോപ്പിൽ ഉറപ്പാക്കുന്നത് 4.8 മില്യണ്‍ തസ്തികകൾ
Saturday, June 24, 2017 8:45 AM IST
ബെർലിൻ: ജർമൻ സന്പദ് വ്യവസ്ഥയുടെ കരുത്ത് കാരണം യൂറോപ്പിൽ 4.8 മില്യണ്‍ തൊഴിലവസരങ്ങൾ ഉറപ്പാക്കപ്പെടുന്നു എന്ന് സ്വിസ് പഠന റിപ്പോർട്ട്. ജർമൻ വ്യാപാര മിച്ചം മറ്റു യൂറോപ്യൻ രാജ്യങ്ങൾക്ക് ഗുണകരമല്ലെന്ന ആരോപണം നിലനിൽക്കുന്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ബേസൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്‍സൾട്ടൻസി സ്ഥാപനമായ പ്രോഗ്നോസാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

വ്യാവസായിക ഉത്പന്നങ്ങൾക്ക് ജർമനിയിലുള്ള വലിയ ഡിമാൻഡും അപ്സ്ട്രീം സേവനങ്ങളും കാരണം മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

പോളണ്ടിൽ മാത്രം ഒന്പതു ലക്ഷത്തോളം ജോലികൾ ജർമൻ ഡിമാൻഡിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മറ്റേതു യൂറോപ്യൻ രാജ്യത്തിലേതിനെക്കാൾ കൂടുതലാണിത്. ജർമൻ സന്പദ് വ്യവസ്ഥ മറ്റാരുടെയും വളർച്ച തടസപ്പെടുത്തുകയല്ല, മറിച്ച് ഉത്തേജിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കംപ്യൂട്ടർ, ടെലികമ്യൂണിക്കേഷൻസ്, മാനേജ്മെന്‍റ്, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ പതിനായിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടപ്പുണ്ട് ജർമനിയിൽ. എന്നാൽ ഈ മേഖലയിലേയ്ക്ക് യൂറോപ്യൻ യൂണിയനു പുറത്തുനിന്നും വിദഗ്ധരെ എടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും ചിലയിടങ്ങളിൽ ആളെടുക്കുന്നുണ്ടതാനും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ