കണിയാംപറമ്പില്‍ മേരി മാത്യു അനുസ്മരണവും അവാര്‍ഡ് വിതരണവും 30ന്
Monday, June 26, 2017 12:54 AM IST
ബ്രിസ്ബെയ്ന്‍: കണിയാംപറമ്പില്‍ മേരി മാത്യുവിന്‍റെ നാലാമത് അനുസ്മരണവും മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ജൂണ്‍ 30ന് നടക്കും. ക്യൂന്‍സ്‌ലാൻഡിലെ ബിലോയ്‌ല സെന്‍റ് ജോസഫ് പാരിഷ് ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ സി.ആര്‍.നെവ്ജി ഫെറിയര്‍ ഉദ്ഘാടനം ചെയ്യും.

മദര്‍ തെരേസയെക്കുറിച്ചുള്ള "ദ എയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്' എന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനം ഓസ്ട്രേലിയന്‍ ചലച്ചിത്ര സംവിധായകനായ ലൂക്ക് ഗ്രഹം നിർവഹിക്കും. സന്ദേശ ചലച്ചിത്ര നിര്‍മാണവിതരണ രംഗത്ത് സജീവമായ വേള്‍ഡ് മദര്‍ വിഷന്‍റെ ബാനറിലാണ് ഡോക്യുമെന്‍ററി പുറത്തിറക്കുന്നത്. മദര്‍ വിഷന്‍ ഡയറക്ടറും നടനും സംവിധായകനുമായ ജോയ്.കെ.മാത്യുവാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്.

ഭൂരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലം സൗജന്യമായി വിതരണം ചെയ്യുന്ന മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതി ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്നെല്‍ ഉദ്ഘാടനം ചെയ്യും. വേള്‍ഡ് മദര്‍ വിഷന്‍റെ മൂന്നാമത് മേരി മാത്യു മെമ്മോറിയല്‍ പുരസ്കാരം വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഗേയ് ഫ്രെയ്സര്‍, ജോന്‍ കോണ്‍ ഫീല്‍ഡ്, വെന്‍ഡി സിഫ്റ്റ്, റോബിന്‍ ഷീഡി, ഇല്‍ഡിക്കോ ജോസന്‍ എന്നിവര്‍ക്ക് അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോള്‍ താരം ബ്ലയര്‍ സ്മിത്ത്, ക്യൂന്‍സ്‌ലാന്‍ഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍ എന്നിവര്‍ വിതരണം ചെയ്യും.

ജോയ്.കെ.മാത്യുവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബനാന ഷെയര്‍ കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ മുഖ്യപ്രഭാഷണം നടത്തും. ക്യൂന്‍സ്‌ലാന്‍ഡ് വാലീസ് റീജന്‍ പുരോഹിതന്‍ ഫാ.തദേയൂസ് ലാസര്‍ മേരി മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. ആഗ്ലിക്കന്‍ പാരിഷ് ഓഫ് കല്ലീഡ് വാലി പാസ്റ്റര്‍ ഫാ.ജോണ്‍ കോള്‍മെന്‍, റോട്ടറി ഇന്‍റര്‍നാഷണല്‍ ക്ലബ് പ്രസിഡന്‍റ് ആന്‍റണ്‍ മുള്ളര്‍, ലയണ്‍സ് ഇന്‍റര്‍നാഷണല്‍ ക്ലബ് പ്രസിഡന്‍റ് കോളി ജയിംസ് നെവല്‍, ഓസി ക്ലിനിക്ക് ജി.പി.ഡോ.റോയി ഹോക്ക്നര്‍, സംഗീതജ്ഞന്‍ പീറ്റര്‍ എന്നിവര്‍ പങ്കെടുക്കും.