നഴ്സുമാരുടെ സമരം: ഡബ്ല്യുഎംസി സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Monday, June 26, 2017 8:03 AM IST
സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേൾഡ് മലയാളി കൗണ്‍സിൽ സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിധേയരാകാൻ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ നഴ്സുമാർ എന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് നീതി ഉറപ്പുവരുത്തുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള മുഖ്യമന്ത്രിയോട് വേൾഡ് മലയാളി കൗണ്‍സിൽ ആവശ്യപ്പെട്ടു.

നഴ്സിംഗ് തൊഴിലിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ലഭിച്ച് വിദേശ രാജ്യങ്ങളിൽ കഴിയുന്ന മുഴുവൻ പ്രവാസികളും ഈ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യർഥിച്ചു.

ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്‍റെ അധ്യക്ഷതയിൽ സൂറിച്ചിൽ കൂടിയ യോഗത്തിൽ കമ്മിറ്റി അംഗം സുനിൽ ജോസഫ് പ്രമേയം അവതരിപ്പിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് ജോസ് വള്ളാടിയിൽ, ഗ്ലോബൽ ട്രഷറർ ജോബിൻസണ്‍ കൊറ്റത്തിൽ, പ്രൊവിൻസ് ട്രഷറർ ബോസ് മണിയന്പാറയിൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ