ഇന്ത്യൻ പാസ്പോർട്ട് അപേക്ഷിച്ചാലുടൻ കിട്ടാൻ വേണ്ടത് മൂന്ന് രേഖകൾ
Tuesday, June 27, 2017 7:46 AM IST
ഫ്രാങ്ക്ഫർട്ട്/ദില്ലി: ഇന്ത്യൻ പാസ്പോർട്ട് സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി പാസ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുന്നു. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയിയിൽ ഏതെങ്കിലും മൂന്ന് പകർപ്പ് സഹിതം പാസ്പോർട്ടിന് അപേക്ഷിച്ചാൽ ഉടൻ പാസ്പോർട്ട് ലഭ്യമാക്കും. പോലീസ് പരിശോധന മൂലം പാസ്പോർട്ട് താമസിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

വിവിധ രേഖകൾക്കൊപ്പം പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിച്ചതിനുശേഷവും പോലീസ് വെരിഫിക്കേഷന്‍റെ പേരിൽ നടപടിക്രമങ്ങൾ നീളുവെന്ന പരാതി നിലവിലുണ്ട്. പാസ്പോർട്ട് അപേക്ഷയും രേഖകളുടെ സമർപ്പണവും ഓണ്‍ലൈനായി ചെയ്യാൻ സാധിക്കുമെങ്കിലും പോലീസ് വെരിഫിക്കേഷൻ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് നടക്കുന്നത്. ഓരോ സ്റ്റേഷനിലെയും ചുമതലപ്പെട്ട ഉദ്ദ്യോഗസ്ഥൻ അപേക്ഷകന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാണ് പാസ്പോർട്ട് അനുവദിക്കുന്നത്. ഇത് ഏറെ കാലതാമസം വരുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ നടപടി.

ഇനി മുതൽ പാസ്പോർട്ട് ഹിന്ദിയിലും അച്ചടിക്കും. നിലവിൽ ഇംഗ്ലീഷിലായിരുന്നു പാസ്പോർട്ടുകൾ അച്ചടിച്ചിരുന്നത്. ഇതു കൂടാതെ പാസ്പോർട്ട് ഫീസിൽ 10 ശതമാനം ഇളവും പ്രഖ്യാപിച്ചു. 8 വയസിൽ താഴെയുള്ള കുട്ടികൾക്കും 60 വയസിനുമുകളിലുള്ള മുതിർന്നവർക്കുമാണ് ഈ ഇളവ് അനുവദിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട് ആക്ടിന്‍റെ അറുപതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഇന്ത്യക്ക് വെളിയിലുള്ള പ്രവാസി ഇന്ത്യാക്കാർക്കും ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പു സഹിതം അപേക്ഷിച്ചാൽ ഉടൻ പാസ്പോർട്ട് ലഭിക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍