ശ്രീനാരയണ ഗുരുജയന്തി അവിസ്മരണീയമാക്കാൻ സേവനം യുകെ
Wednesday, June 28, 2017 7:57 AM IST
ഗ്ലോസ്റ്റർ: കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവർത്തകനും, നവോത്ഥാനനായക ശ്രീനാരായണ ഗുരുദേവന്‍റെ ജ·ദിനം ഒരു അവിസ്മരണീയമായ സുദിനമാണ്. അതിനാൽ തന്നെ സേവനം യുകെ 163ാം മത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വൂസ്റ്ററിൽ സെപ്തംബർ 10ന് ഗംഭീരമായി കൊണ്ടാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഗ്ലോസ്റ്ററിൽ നടന്ന യോഗത്തിൽ സേവനം യുകെയുടെ വരുംകാല പ്രവർത്തനങ്ങളും ശ്രീനാരയണ ഗുരുജയന്തി ആഘോഷവും ചർച്ച ചെയ്തു.

ജയന്തി ആഘോഷത്തിൽ നാട്ടിൽ നിന്നും കലാരാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിപുലമായ പരിപാടിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വൂസ്റ്ററിൽ സെപ്തംബർ 10 ന് നടക്കുന്ന 163 മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം വേണു ചാലക്കുടി കണ്‍വീനർ ആയി 101 അംഗങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചിരിക്കുകയാണ്. ഗുരുദേവ ജയന്തി ആഘോഷത്തിനായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരുദേവന്‍റെ ആശയം ശ്രീനാരയണീയരിലേക്കെത്തിക്കാൻ സേവനം യുകെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കിക്കഴിഞ്ഞു .അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദർശനം പോലും താഴ്ന്ന ജാതിക്കാർക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ ചെന്പഴന്തി എന്ന ഗ്രാമത്തിൽ മാടനാശാന്‍റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവിൽനിന്ന് പിൽക്കാലത്ത് ശ്രീ നാരായണഗുരു എന്ന ആദരണീയനായ ഗുരുവിലേക്ക് ഉയർന്ന മഹാത്മാവാണ് അദ്ദേഹം.

നീണ്ട 42 വർഷക്കാലം കേരളത്തിന്‍റെ നവോത്ഥാന പ്രവർത്തനങ്ങൾക്കായി ജിവതം വിനിയോഗിക്കുകയായിരുന്നു ഗുരുദേവൻ. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സ്വർഗത്തിലേക്ക് നയിച്ച ഗുരുദേവന്‍റെ പാതയിൽ ഏവരേയും മുന്നോട്ട് നയിക്കാൻ സേവനം യുകെ ആത്മാർത്ഥമായ ശ്രമമാണ് നടത്തിവരുന്നത്. മുത്തുക്കുടയുടെയും അമ്മൻകുടത്തിന്‍റേയും ശിങ്കാരി മേളത്തിന്‍റെയും സാന്നിധ്യത്തിൽ വലിയ ഘോഷയാത്രയാണ് ഇക്കുറി ഒരുക്കുന്നത്. ഏവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ബൈജു പാലക്കൽ കണ്‍വീനർ ശ്രീകുമാർ കല്ലിട്ടതിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ദിനേശ് വെള്ളാപ്പള്ളിയിൽ