ബിനോയി ജോർജ് ഒഐസിസി ഓസ്ട്രേലിയ കണ്‍വീനർ
Friday, June 30, 2017 7:05 AM IST
മെൽബണ്‍: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് ഓസ്ടേലിയ കണ്‍വീനറായി ഹൈനസ് ബിനോയിയെ കെപിസിസി നോമിനേറ്റ് ചെയ്തു. ഈ വർഷാവസാനം ഓസ്ട്രേലിയ സന്ദർശിക്കുന്ന കെപിസിസി ഭാരവാഹികളായ എൻ.സുബ്രമണ്യനും മാന്നാർ അബ്ദുൾ ലത്തീഫും പുതിയ കമ്മറ്റിയെ പൂർണ്ണമായും പ്രഖ്യാപിക്കുകയും ചെയ്യും. ഇതോടെ നാളിതു വരെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മറ്റി പിരിച്ചുവിട്ടതായും കെപിസിസി അറിയിച്ചു. ഒഐസിസിയുടെ അടുത്ത് നടക്കാനിരിക്കുന്ന ഭാവി പരിപാടികൾ ഉടൻ തീരുമാനിക്കുമെന്നും എല്ലാ പ്രവർത്തകരെയും പഴയകാല നേതാക്കളെയും ഒരുമിച്ചു ചേർത്തുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിനോയി അറിയിച്ചു.

ജനദ്രോഹനടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെ നടപടി കൾക്കെതിരെ ശക്തമായ ജനകീയസമരങ്ങൾ സംഘടിപ്പിക്കുന്ന കെപിസിസിക്ക് പരിപൂർണ പിന്തുണ നൽകുമെന്നും ബിനോയി അറിയിച്ചു. മെൽബണിൽ സ്ഥിരതാമസമാക്കിയ ബിനോയി തൊടുപുഴ സ്വദേശിയാണ്. കഐസ്യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങി കോണ്‍ഗ്രസിന്‍റെ തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് ഓസ്ട്രേലിയായിൽ കുടിയേറിയത്.

റിപ്പോർട്ട്: ജോസ് എം. ജോർജ്