ഗ്രാന്മ പ്രവർത്തനം ആരംഭിച്ചു
Monday, July 3, 2017 5:28 AM IST
മെൽബണ്‍: ഓസ്ട്രേലിയായിൽ കുടിയേറിയിട്ടുള്ളവരും ഇടതുപക്ഷ പുരോ ഗമനപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു വന്നിട്ടുള്ളവരും പുരോഗമന ചിന്താഗതിക്കാരുമായ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ കേരള പ്രവാസി സംഘത്തിന്‍റെ അംഗീകാരത്തോടെ ഗ്രാൻഡ് ഓസ്ടേലിയൻ നാഷണൽ മലയാളി അസോസിയേഷൻ (GRANMA) എന്ന പേരിൽ സംഘടന രൂപീകരിച്ചു.

സാമൂഹ്യ സാംസ്കാരീക ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ഇടതുപക്ഷപ്രസ്ഥാനങ്ങളുമായിട്ട് ബന്ധം നിലനിർത്തികൊണ്ട് ഓസ്ടേലിയായിൽ ചിതറിക്കിടക്കുന്ന ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരായ മുഴുവൻ മലയാളികളെയും ഏകീകരിക്കുകയും വർഗീയ തീവ്രവാദ ഫാസിസ്റ്റ് പ്രതിലോമശക്തികളെ നേരിടുക, ഒരു നൂതന സംഘടനാസംസ്കാരം വളർത്തിയെടുക്കുക, മനുഷ്യജീവിതത്തെ ബാധിക്കുന്ന ആനുകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക, ഒപ്പം മലയാളി സമൂഹത്തിന് പ്രയോജനപ്രദമായ ഹൃസ്വകാല ദീർഘകാല പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഒരു സ്ഥിരം വേദിയായി നിലകൊള്ളുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം.

ഇടതുപക്ഷ പ്രവാസി സംഘടനകളുടെ ചുമതലക്കാരനായ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ് സംഘടനയുടെ മാർഗദർശി.

പുതിയ ഭാരവാഹികളായി പ്രമോദ് ലാൽ (പ്രസിഡന്‍റ്), ബാബു മണലേൽ, അനൂപ് അലക്സ് (വൈസ് പ്രസിഡന്‍റുമാർ), അമേഷ് കുമാർ (സെക്രട്ടറി), അരുണ്‍ രാജ്, സുനിൽ മുഹമ്മദ് (ജോയിന്‍റ് സെക്രട്ടറിമാർ), അജീഷ് ജോസ് (ട്രഷറർ), ബിജു ചെരിയംകാലായിൽ, ഇ.പി. ഷംജു (ഓഡിറ്റർമാർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഡോ.ബിജു മാത്യൂ, വിൻസ് മാത്യൂ , അനീഷ് ജോസഫ്, സാജു മോളോത്ത്, റോയി തോമസ്, സനൽ.ഗ, എബ്രാഹം ജോണ്‍, ജോസ് ജോസഫ്, ബിന്ദു പ്രമോദ്, ലിസി വർഗീസ്, പ്രീയങ്ക അരുണ്‍ എന്നിവരേയും തെരഞ്ഞെടുത്തു.