"നഴ്സുമാരുടെ സമരം അടിയന്തരമായി പരിഹരിക്കണം’
Monday, July 3, 2017 5:34 AM IST
മെൽബണ്‍: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം അടിയന്തരമായി ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഫാക്സ് അയയ്ക്കാനും യോഗം തീരുമാനിച്ചു.

നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെങ്കിൽ സാന്പത്തിക സഹായം ഉൾപ്പടെയുള്ള സഹായങ്ങൾ നൽകുവാനും സമരത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് മലയാളി നഴ്സുമാരുടെ യോഗം വിളിച്ചു ചേർക്കുവാനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ പ്രസിഡന്‍റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. പ്രതീഷ് മാർട്ടിൻ, ദിലീപ് രാജേന്ദ്രൻ, ലോകൻ രവി, അജിത ചിറയിൽ, സോജൻ തോമസ്, ബിനീഷ്, ചാൾസ്, ഗീതു എലിസബത്ത് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ