നഴ്സുമാരുടെ സമരം; സർക്കാർ നടപടി ഉടൻ ഉണ്ടാകും: എം.എ. ബേബി
Saturday, July 8, 2017 8:26 AM IST
മെൽബണ്‍: കേരളത്തിലെ സ്വകാര്യ നഴ്സുമാർക്ക് ന്യായമായ വേതനം ഉറപ്പു വരുത്താൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബാധ്യസ്ഥമാണെന്നും അതിനുള്ള നടപടികൾ പിണറായി സർക്കാർ സ്വീകരിക്കുമെന്നും സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. സമരം ചെയ്യുന്ന നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ മെൽബണ്‍ റോയൽ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗം ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയിൽ ഡോക്ടർമാർക്ക് തുല്യമായ സേവനമാണ് നഴ്സുമാർ കാഴ്ചവയ്ക്കുന്നത്. എന്നാൽ അവർക്ക് അർഹമായ വേതനം നൽകാൻ ഇന്നും ഭൂരിപക്ഷം മാനേജ്മെന്‍റുകളും തയാറാകുന്നില്ല. ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കുന്ന നഴ്സിംഗ് സമൂഹത്തോട് പിന്തുണ നൽകുവാൻ ഓസ്ട്രേലിയിൽ നിന്നും മതേതര ഇടതുപക്ഷ കൂട്ടാഴ്മ മുന്നോട്ടു വന്നതിൽ അഭിനന്ദനവും അതിലുപരി ധീരമായ നടപടിയുമാണെന്ന് എം.എ. ബേബി പറഞ്ഞു.

കൂടുതൽ സമയം ജോലിയും കുറഞ്ഞ വേതനവും ലഭിക്കുന്ന നഴ്സുമാരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സമര രംഗത്തുള്ളവർ ഉന്നയിക്കുന്ന ആവശ്യം തികച്ചും ന്യായമാണ്. സ്വകാര്യ ആശുപത്രി ഉടമകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ബുദ്ധിമുട്ടു അനുഭവിക്കുന്ന നഴ്സുമാരുടെ സമരം അടിയന്തരമായി ഒത്തു തീർപ്പാക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് രമേശ് ചെന്നിത്തല ഫോണിലൂടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

സുപ്രീം കോടതി പറഞ്ഞ തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നതുവരെ നഴ്സുമാരുടെ അതിജീവനത്തിനായുള്ള സമരം തുടരുകതന്നെ ചെയ്യുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ബെൽജോ അഭിപ്രായപ്പെട്ടു. സർക്കാർ സർവീസിലെ പോലെ 28000 രൂപ പ്രതിമാസ അടിസ്ഥാന വേതനം ലഭിക്കുന്നതുവരെ സമര രംഗത്തു ഉറച്ചു നിൽക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് സന്ദേശത്തിൽ പറഞ്ഞു.

മെൽബണിൽ നടന്ന ഐക്യദാർഢ്യ കൂട്ടാഴ്മയിൽ പ്രസിഡന്‍റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. നൂറു കണക്കിന് മലയാളി സംഘടനകളും പതിനായിരത്തിലേറെ നഴ്സുമാർ ഓസ്ട്രേലിയിൽ ഉണ്ടായിട്ടും ഒരു മാസം പിന്നിട്ട നഴ്സുമാരുടെ സമരത്തിന് പിന്തുണ നൽകാൻപോലും നാളിതുവരെ ആരും രംഗത്തു വന്നിട്ടില്ലെന്ന് തിരുവല്ലം ഭാസി ചൂണ്ടികാട്ടി.

പ്രിൻസിപ്പൽ സോളിസിറ്റർ ബിന്ദു കുറുപ്പ്, ഒഐസിസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ പൂഴിക്കുന്നേൽ, ട്രഷറർ അരുണ്‍ പാലക്കലോടി, ഹയാസ് വെളിയം കോട്, ചാൾസ് മാത്യു, ലോകൻ രവി, മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ വൈസ് പ്രസിഡന്‍റ് ഗീതു എലിസബത്ത്, സ്റ്റേറ്റ് കോഓർഡിനേറ്റർ പ്രതീഷ് മാർട്ടിൻ എന്നിവർ സംസാരിച്ചു. ബിനീഷ് കുമാർ, എബി പൊയ്ക്കാട്ടിൽ, ലിജോ ചിറാപുറത്ത്, സോജൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: എബി കോര പൊയ്ക്കാട്ടിൽ