സ്വാതന്ത്ര്യദിന അവധി: സ്പെഷൽ സർവീസ് കാത്ത് മലയാളികൾ
Monday, July 10, 2017 1:14 AM IST
ബംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് നാട്ടിലെത്താൻ കേരള ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ മലയാളികൾ. മുൻവർഷങ്ങളിൽ നിന്നു വിഭിന്നമായി ഇത്തവണ നേരത്തെ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അറിയിച്ചിട്ടുണ്ട്.

ബുക്കിംഗ് നേരത്തെ ആരംഭിക്കുന്നത് മലയാളി യാത്രക്കാർക്ക് അനുഗ്രഹമാകും. നിലവിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 11ലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം ചൊവ്വാഴ്ചയായതിനാൽ തിങ്കളാഴ്ച അവധിയെടുത്താൽ നാലു ദിവസം അവധി ലഭിക്കുമെന്നതിനാൽ വെള്ളിയാഴ്ച തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് സാധ്യത.

അതേസമയം, സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ച് കർണാടക ആർടിസി മറ്റന്നാൾ മുതൽ ബുക്കിംഗ് ആരംഭിക്കും. സ്പെഷൽ ബസുകളുടെ പ്രഖ്യാപനം 13ന് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കർണാടക ആർടിസിയിൽ 30 ദിവസം മുന്പ് ബുക്കിംഗ് ആരംഭിക്കുന്നതിനാൽ യാത്രാത്തിരക്ക് കൂടുതലുള്ള ദിവസങ്ങളിലേക്ക് നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ നേരത്തെതന്നെ തീർന്നിരുന്നു. ഈ സാഹചര്യത്തിൽ കേരള, കർണാടക ആർടിസി ബസുകളാണ് യാത്രക്കാർക്ക് ആശ്രയം. സ്വകാര്യ ബസുകളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഉയർന്ന നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്.